ന്യൂദല്‍ഹി: ബി.ജെ.പിയും കോണ്‍ഗ്രസും ഒഴികെയുള്ള ഏത് രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടിയും ക്യാമ്പയിന്‍ നടത്താന്‍ തയ്യാറാണെന്ന് ഗാന്ധിയന്‍ അണ്ണ ഹസാരെ. പക്ഷെ ഈ പാര്‍ട്ടികള്‍ അഴിമതി രഹിതമായിരിക്കണമെന്ന നിര്‍ബന്ധം തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജന്‍ ലോക്പാലുമായി ബന്ധപ്പെട്ട തന്റെ നിബന്ധനകള്‍ അംഗീകരിക്കാന്‍ പാര്‍ലമെന്റ് സ്റ്റാന്റിംങ് കമ്മിറ്റി തയ്യാറായില്ലെങ്കില്‍ തന്റെ സമരം പുനരാരംഭിക്കാന്‍ പദ്ധതിയുണ്ട്. പാര്‍ലമെന്റിനെതിരായല്ല താന്‍ സമരം ചെയ്തത്. തന്റെ സമരം ബില്ലിനെ തടയുന്നതിനെതിരെയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഇന്ദിരാഗാന്ധിയെപ്പോലുള്ള നേതാക്കളെയാണ് രാജ്യത്തിന് ആവശ്യം. പ്രധാനമന്ത്രി മന്‍മോഹന്‍സിംങ്ങിന് അധികാരമില്ലെന്നും ടീമിലുള്ള ആരും അദ്ദേഹം പറയുന്നത് അനുസരിക്കാറില്ലെന്നും അണ്ണ കുറ്റപ്പെടുത്തി.

ജന്‍ലോക്പാല്‍ ബില്ലിനെതിരെയായി പ്രവര്‍ത്തിക്കുന്ന എം.പിമാര്‍ക്ക് വോട്ട് ചെയ്യരുതെന്നാവശ്യപ്പെട്ട് മണ്ഡലങ്ങളില്‍ ക്യാമ്പയിന്‍ നടത്തും. ഇവരുടെ വീടിന് മുന്നില്‍ ഭജന നടത്തും.

അഴിമതിക്കാര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പറയുന്നത് തെറ്റാണ്. ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷനല്‍കുകയാണ് വേണ്ടതെന്നും ഹസാരെ നിര്‍ദേശിച്ചു.