വിവാദ വിഷയങ്ങളോട് സംവിധായകന്‍ പ്രകാശ് ഝായ്ക്ക് പണ്ടേ താല്‍പര്യമാണ്. ആദ്യ ചിത്രമായ രാജ്‌നീതി മുതല്‍ തന്നെ ഝായുടെ ചിത്രങ്ങള്‍ക്ക് പിന്നാലെ വിവാദങ്ങളുമുണ്ട്. പുതിയ ചിത്രമായ ആരക്ഷണ്‍ ഉണ്ടാക്കിയ പുകില്‍ ഏതാണ്ട് കെട്ടടങ്ങുന്നതേയുള്ളൂ. ഇപ്പോഴിതാ മറ്റൊരു വിവാദ വിഷയവുമായി ഝാ മുന്നോട്ടുവന്നിരിക്കുകയാണ്. വിഷയം മറ്റൊന്നുമല്ല, ഹസാരെയുടെ സമരം തന്നെ.

കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ഹസാരെ സമരമാണ് ഝായുടെ പുതിയ ചിത്രത്തിന്റെ പ്രമേയം. ഹസാരെയുടെ സമരത്തെ അതുപോലെ ചിത്രീകരിക്കുകയല്ല സംവിധായകന്‍ ചെയ്യുന്നത്. മറിച്ച് അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നല്ലൊരു തിരക്കഥ മെനഞ്ഞെടുക്കാനാണ് ഝായുടെ ശ്രമം. സത്യാഗ്രഹ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ബിഗ് ബിയാണ് കേന്ദ്ര കഥാപാത്രമായെത്തുന്നത് എന്നാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. അഴിമതിക്കെതിരെ സമരത്തിനിറങ്ങിയ 74കാരനായാണ് അമിതാഭ് പ്രത്യക്ഷപ്പെടുന്നത്.

അഴിമതിക്കെതിരായി ഹസാരെയും കൂട്ടരും നടത്തുന്ന സമരം അത്യന്തം പ്രശംസനീയമാണെന്ന് ഝാ പറഞ്ഞു. എന്നാല്‍ ഇതിനു പിന്നില്‍ എന്തെങ്കിലും മറ്റെന്തെങ്കിലും ഉദ്ദേശമുണ്ടോയെന്ന ആശങ്കയും അദ്ദേഹം പങ്കുവച്ചു.

പുതിയ ചിത്രം ആരക്ഷണുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ അവസാനിച്ചുവരുന്നതിനിടെയാണ് ഈ പ്രമേയവുമായി ഝാ രംഗത്തെത്തിയിരിക്കുന്നത്. ഇനി ഇതുമായി ബന്ധപ്പെട്ട് എന്തൊക്കെ പുകിലുകളാണുണ്ടാവുകയെന്നത് കാത്തിരുന്ന കാണാം.