റലേഗന്‍ സിദ്ധി: ജന്‍ ലോക്പാല്‍ ബില്ലിനുവേണ്ടിയുള്ള ക്യാംപെയ്‌നിങ്ങിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന് അണ്ണാ ഹസാരെ. ജന്‍ ലോക്പാല്‍ ബല്‍ യാഥാര്‍ത്ഥ്യമാവേണ്ട സമയമായെന്നും റാലേഗന്‍ സിദ്ധിയില്‍ നടന്ന പത്രസമ്മേളനത്തില്‍ ഹസാരെ വ്യക്തമാക്കി.

ബില്‍ പാസാക്കാത്തതിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയ അദ്ദേഹം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനം സന്ദര്‍ശിച്ച് കോണ്‍ഗ്രസിന് വോട്ട് ചെയ്യരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുമെന്നും പറഞ്ഞു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ ഉത്തര്‍പ്രദേശില്‍ തന്റെ ക്യാംപെയ്ന്‍ ആരംഭിക്കുമെന്നും ഹസാരെ മുന്നറിയിപ്പ് നല്‍കി.

താന്‍ ബി.ജെ.പിയെ പിന്തുണയ്ക്കുകയാണെന്ന് പറയുന്ന ആളുകള്‍ക്ക് മാനസികാസ്വാസ്ഥ്യമാണ്. താനോ തന്റെ ടീമിലെ അംഗങ്ങളോ രാഷ്ട്രീയത്തിലിറങ്ങുകയോ, തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ടീം അംഗങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങാനുള്ള യാതൊരു സാധ്യതയുമില്ലെന്ന് അണ്ണാ ഹസാരെയുടെ സഹായികളില്‍ പ്രധാനിയായ അരവിന്ദ് കെജ്‌രിവാളും പ്രഖ്യാപിച്ചു. ‘ഞങ്ങള്‍ രാഷ്ട്രീയക്കാരല്ല. ഇതൊരു രാഷ്ട്രീയ പ്രക്ഷോഭമാണ്. പക്ഷെ ഞങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുകയോ, തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയോ ചെയ്യില്ല’ കെജ് രിവാള്‍ പറഞ്ഞു.

സഞ്ജീവ് ഭട്ടിനെ അറസ്റ്റ് ചെയ്തതുവഴി ഗുജറാത്ത് സര്‍ക്കാര്‍ തെറ്റുചെയ്തിരിക്കുകയാണെന്ന് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയായി ഹസാരെ പറഞ്ഞു. സത്യവാങ്മൂലം സമര്‍പ്പിക്കാനും, അതിനെക്കുറിച്ച് സംസാരിക്കാനും ഭട്ടിന് എല്ലാ അധികാരവുമുണ്ടെന്നിരിക്കെ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടി ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.