റലേഗന്‍ സിദ്ധി: ഏതാനും ദിവസത്തിനുളളില്‍ മൗനവ്രതം അവസാനിപ്പിക്കുമെന്ന് അണ്ണാ ഹസാരെ ബ്ലോഗിലൂടെ അറിയിച്ചു. രക്തസമ്മര്‍ദം നിയന്ത്രിക്കാനും മാനസിക പിരിമുറുക്കം ഇല്ലാതാക്കാനും ഇതുവഴി കഴിഞ്ഞെന്ന് ഹസാരെ ബ്ലോഗില്‍ പറയുന്നു.

ജന്‍ ലോക്പാല്‍ ബില്ലിനു വേണ്ടി ശക്തമായി നില കൊളളും. രാജ്യത്തിലുടനീളം സഞ്ചരിച്ചു യുവതീ-യുവാക്കളെയും കര്‍ഷകരെയും സാധാരണക്കാരെയും വിദ്യാര്‍ഥികളെയും അഴിമതിവിരുദ്ധ സമരത്തില്‍ പങ്കാളികളാകാന്‍ ആഹ്വാനം ചെയ്യുമെന്നും ഹസാരെ അറിയിച്ചു.

അതേസമയം, സാമ്പത്തിക ഇടപാടിന്റെയും പേരില്‍ വിമര്‍ശനം വന്ന പശ്ചാത്തലത്തില്‍ അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന് ഭരണഘടന തയ്യാറാക്കാന്‍ അന്നാ ഹസാരെയും സംഘവും തീരുമാനിച്ചു. അരവിന്ദ് കെജ്‌രിവാള്‍, കിരണ്‍ബേഡി, പ്രശാന്ത് ഭൂഷണ്‍ തുടങ്ങിയവര്‍ അന്നാ ഹസാരെയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.

ഭരണഘടനാ നിര്‍മ്മാണത്തിനു ശേഷമായിരിക്കും കോര്‍ കമ്മിറ്റി നിയമാനുസൃതം പുനഃസംഘടിപ്പിക്കുക.