റലേഗന്‍ സിദ്ധി: സമരം നടത്താന്‍ തനിക്കൊരു വേദി അനുവദിച്ചുതന്നില്ലെങ്കില്‍ ജയിലില്‍ സമരം നടത്തുമെന്ന് അണ്ണാ ഹസാരെ. ശക്തമായ ലോക്പാല്‍ ബില്‍ ആവശ്യമുയര്‍ത്തി ഡിസംബര്‍ 27മുതല്‍ അനിശ്ചിതകാല നിരാഹാരസമരം നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഹസാരെയിപ്പോള്‍.

താന്‍ സമരം ചെയ്യുന്നത് തടയാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ഹസാരെ കുറ്റപ്പെടുത്തി. ആഗസ്റ്റ് 16ന് ദല്‍ഹിയില്‍ സമരം നടത്തിയപ്പോഴും അവര്‍ ഇതുതന്നെയാണ് ചെയ്തത്. തനിക്കിരിക്കാന്‍ ഒരു സ്ഥലം നല്‍കാന്‍ അവര്‍ തയ്യാറാവുന്നില്ല. ഞങ്ങള്‍ ജയിലിലേക്ക് പോകുമെന്ന് പറഞ്ഞപ്പോഴാണ് സമരത്തിന് വേദിനല്‍കാന്‍ അവര്‍ തയ്യാറായതെന്നും അദ്ദേഹം വ്യക്തമാക്കി.

Subscribe Us:

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഹസാരെയുടെ നിരാഹാരവേദി ദല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ മുംബൈയിലെ വേദി ഏതാണെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

അതേസമയം, കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ലോക്പാല്‍ ബില്ലിനോട് പ്രതിഷേധിച്ച് ജയില്‍നിറയ്ക്കല്‍ സമരം നടത്താന്‍ ഹസാരെ സംഘം ആഹ്വാനം ചെയ്തിട്ടുണ്ട്. സംഘാംഗമായ കിരണ്‍ബേദി ട്വിറ്ററിലൂടെ ജയില്‍നിറയ്ക്കല്‍ സമരത്തിന് ജനങ്ങളുടെ പിന്തുണ തേടിയിട്ടുണ്ട്.