ന്യൂദല്‍ഹി: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് സത്യസന്ധനാണെന്ന് അണ്ണാ ഹസാരെ.  പ്രധാനമന്ത്രി യുള്‍പ്പെടെയുള്ളവര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് ഹസാരെ സംഘത്തിലുള്ളവര്‍ മുന്നോട്ടുവന്നതിനെ പിന്നാലെയാണ് ഹസാരെയുടെ പ്രസ്താവന.

മന്ത്രിസഭയില്‍ ചില അഴിമതിക്കാറുണ്ടെങ്കില്‍ പ്രധാനമന്ത്രി സത്യസന്ധനായ ആളാണെന്നാണ് ഹസാരെ പറഞ്ഞത്. പന്താര്‍പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

15 മന്ത്രിമാര്‍ക്കെതിരെ അഴിമതിക്കേസ് രജിസ്റ്റര്‍ ചെയ്ത് പ്രത്യേക അന്വേഷണ സംഘത്തെവച്ച് അന്വേഷണം നടത്തണമെന്നാവസ്യപ്പെട്ട് ഹസാരെ ടീം അംഗങ്ങളായ അരവിന്ദ് കെജ് രിവാള്‍, പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. പ്രധാനമന്ത്രിയും ധനമന്ത്രി പ്രണാബ് മുഖര്‍ജിയും വിദേശകാര്യമന്ത്രി എസ്.എം കൃഷ്ണയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. പ്രധാനമന്ത്രിയ്‌ക്കെതിരായ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടാനായി സി.എ.ജി റിപ്പോര്‍ട്ടിന്റെ പകര്‍പ്പും കത്തിനൊപ്പം വച്ചിട്ടുണ്ടായിരുന്നു.

സമീപകാലത്ത് സി.എ.ജി. റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട കല്‍ക്കരി അഴിമതിയാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെതിരെ ഉന്നയിച്ചിട്ടുള്ളത്. 2006 നവംബര്‍ മുതല്‍ 2009 മെയ് വരെ കല്‍ക്കരി വകുപ്പിന്റെ ചുമതല കൂടി മന്‍മോഹന്‍ സിങ് വഹിച്ചിരുന്നു. ഇക്കാലത്ത് സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരി ഖനനത്തിന് അനുമതി നല്‍കിയതില്‍ വ്യാപകമായി ക്രമക്കേട് നടന്നു. അതുവരെ വര്‍ഷത്തില്‍ മൂന്നോ നാലോ കല്‍ക്കരി ബ്ലോക്കുകള്‍ക്കാണ് ലൈസന്‍സ് നല്‍കിയിരുന്നതെങ്കില്‍ മന്‍മോഹന്‍ സിങ് ചുമതല വഹിച്ച സമയത്ത് 2224 ബ്ലോക്കുകള്‍ അനുവദിച്ചു. ലക്ഷക്കണക്കിന് കോടി രൂപയുടെ കുംഭകോണമാണ് ഇതില്‍ നടന്നിട്ടുള്ളതെന്നും ഹസാരെ സംഘം ചൂണ്ടിക്കാട്ടിയിരുന്നു.