ന്യൂദല്‍ഹി: തനിക്കെതിരെ കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഗാന്ധിയന്‍ അന്നാ ഹസാരെ. അനാവശ്യ ആരോപണങ്ങളിലൂടെ തന്നെ ബോധപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഹസാരെ പറഞ്ഞു.

തന്റെ നിയന്ത്രണത്തിലുള്ള ട്രസ്‌ററില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതിനു തെളിവുണ്ടെന്ന ജസ്റ്റീസ് പി.ബി.സാവന്തിന്റെ കണ്ടെത്തലുകള്‍ തെറ്റാണെന്ന് തെളിഞ്ഞിരുന്നുവെന്നും തനിക്കെതിരെ തെളിവുകള്‍ ഉണ്ടെങ്കില്‍ എഫ്.ഐ.ആര്‍ ചുമത്തി അന്വേഷണം നടത്തണമെന്നും ഹസാരെ പറഞ്ഞു. സമരവുമായി മുന്നോട്ടുപോകുമെന്നും ഹസാരെ പറഞ്ഞു .

തന്റെ സാമ്പത്തിക സ്‌ത്രോതസുകള്‍ ഇരുപത്തിനാല് മണിക്കൂറിനകം വെളിപ്പെടുത്തുമെന്ന് പറഞ്ഞ ഹസാരെ ധൈര്യമുണ്ടെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കിട്ടിയ ഫണ്ടുകള്‍ വെളിപ്പെടുത്താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ചു. സമരത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും എത്ര പ്രകോപിപ്പിച്ചാലും ശാന്തിയുടെ മാര്‍ഗം കൈവെടിയില്ലെന്നും ഹാസാരെ പറഞ്ഞു.