ന്യൂദല്‍ഹി: സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണ ഹസാരെയുടെ നിരാഹാരം മൂന്നാം ദിവസത്തിലേക്ക്. അഴിമതിയ്‌ക്കെതിരായ ഹസാരെയുടെ പോരാട്ടത്തിന് ജീവിതത്തിന്റെ നാനാതുറകളിലുള്ള ആളുകളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

‘ഞാന്‍ അല്പം ക്ഷീണിതനാണ്. എങ്കിലും സുഖമായിരിക്കുന്നു. അടുത്ത ഏഴ് ദിവസം വരെ എനിക്കൊന്നും സംഭവിക്കില്ല എന്നാണ് ഞാന്‍ കരുതുന്നത്. പേടിക്കേണ്ട. ദൈവം എന്റെ കൂടെയുണ്ട്. എനിക്കൊന്നും സംഭവിക്കില്ല.’ തനിക്കും ചുറ്റും കൂടിയ ജനങ്ങളോടായി ഹസാരെ പറഞ്ഞു.

‘മഹാരാഷ്ട്രയിലെ 12 ഇടങ്ങളിലായി രാഷ്ട്രീയക്കാര്‍ എനിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ എന്റെ ലക്ഷ്യം സത്യസന്ധമാണ്. ദൈവം എന്നോടൊപ്പമാണ്. ചിലര്‍ പറയുന്നു ഞാന്‍ ബി.ജെ.പിയോടൊപ്പമാണെന്ന്. ബി.ജെ.പിയോടോ, ശിവസേനയോടൊ കോണ്‍ഗ്രസിനോടോ ചേര്‍ന്ന് ഞാന്‍ എന്ത് ചെയ്യാനാ? ഏത് പാര്‍ട്ടിയാണ് കറയറ്റത്? ‘

‘രാഷ്ട്രീയക്കാര്‍ നാടിനെ നശിപ്പിച്ചിരിക്കുകയാണ്. ദളിതര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അവരെ കടത്തില്‍ നിന്നും മോചിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഗാന്ധിജിയുടെ സ്വപ്‌നം. തടസങ്ങള്‍ മാറ്റി വേഗതത്തിലുള്ള വികസനത്തില്‍ പ്രധാന്യം നല്‍കുക ഇതാണ് 85 ഗ്രാമങ്ങളിലായി ഞാന്‍ ചെയ്തുകൊണ്ടിരുന്നത്. ഗ്രാമവികസനത്തിന് പ്രാധാന്യം നല്‍കാത്തവര്‍ക്ക് പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കരുത്.’

രാജ്യത്തെ ഉന്നതഉദ്യോഗസ്ഥരും ഭരണഘടനാസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരും നടത്തുന്ന അഴിമതി അവസാനിപ്പിക്കണമെന്നും ജാന്‍ ലോക്പാല്‍ ബില്‍ പാസാക്കണമെന്നുമാണ് ആവശ്യപ്പെട്ടാണ് ഹസാരെയുടെ സമരം. ലോക്പാല്‍ ബില്ലില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഹസാരെ പറഞ്ഞ കാര്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നും സമരത്തില്‍ നിന്ന് പിന്‍മാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.