ന്യൂഡല്‍ഹി: ജന്തര്‍മന്ദറില്‍ നിരാഹാര സമരം നടത്തിവരുന്ന അണ്ണാ ഹസാരെയുടെ പ്രക്ഷോഭം ലക്ഷ്യം കണ്ടു. കേന്ദ്രസര്‍ക്കാര്‍ ഹസാരെയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതോടെ ശനിയാഴ്ച രാവിലെ പത്തിന് നിരാഹാര സമരം അവസാനിപ്പിക്കുമെന്ന് ഹസാരെ വ്യക്തമാക്കി. അഴിമതി തടയുന്നതിനുള്ള ലോക്പാല്‍ ബില്ലിന് രൂപം നല്‍കാന്‍ സമൂഹത്തിലെ പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന സമിതിക്ക് രൂപം നല്‍കാമെന്ന് കേന്ദ്രം സമ്മതിച്ചതോടെയാണ് സമരം അവസാനിപ്പിക്കാന്‍ ഹസാരെ തീരുമാനിച്ചത്.

കേന്ദ്രസര്‍ക്കാര്‍ തീരുമാനമറിയിച്ചപ്പോള്‍ ‘ഭാരതത്തിലെ ജനങ്ങള്‍ ജയിച്ചുവെന്ന’ ഹസാരെ പ്രഖ്യാപിച്ചു. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ കപില്‍ സിബല്‍ സര്‍ക്കാറും ജനങ്ങളും ഒപ്പമാണെന്ന് കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ പ്രതിനിധികള്‍ എത്രയാണോ അത്രതന്നെ പൊതുസമൂഹത്തില്‍പ്പെട്ട പ്രമുഖ വ്യക്തികള്‍ അടങ്ങുന്ന സമിതിയായിരിക്കും ലോക്പാല്‍ ബില്ലിനായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ നാലുദിവസം നീണ്ടുനിന്ന നിരാഹാര സമരം വിജയം കണ്ടത്.

ലോക്പാല്‍ ബില്ലിനായുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രൂപീകരിക്കുന്ന സമിതിയില്‍ കേന്ദ്രമന്ത്രി പ്രണബ്മുഖര്‍ജി അധ്യക്ഷനാവും. മുന്‍ കേന്ദ്രമന്ത്രിയും പ്രമുഖ അഭിഭാഷകനുമായ ശാന്തിഭൂഷണായിരിക്കും സഹ അധ്യക്ഷന്‍. സമിതി രൂപവത്കരിക്കുന്നതിന്റെ പ്രഖ്യാപനം ശനിയാഴ്ച വരുന്നതോടെ ഹസാരെ നിരാഹാരം അവസാനിപ്പിക്കും. അരവിന്ദ് കെജ്‌രി വാള്‍, അന്ന ഹസാരെ, സന്തോഷ് ഹെഗ്‌ഡെ, പ്രശാന്ത്ഭൂഷണ്‍ എന്നിവര്‍ സമിതി അംഗങ്ങളാവും. കേന്ദ്രസര്‍ക്കാറിന്റെ പ്രതിനിധികളായ നാലുപേരെ പിന്നീട് പ്രഖ്യാപിക്കും.

കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടുന്ന ഒരു പാനലില്‍ പൊതുസമൂഹത്തില്‍ നിന്നൊരാളെ അധ്യക്ഷനാക്കുക എന്നത് സാധ്യമല്ലാത്ത കാര്യമാണെന്നും അത് പ്രോട്ടോകോള്‍ ലംഘനമാണെന്നാണ് സര്‍ക്കാര്‍ ആദ്യം വാദിച്ചത്. അവസാനം ഒത്തുതീര്‍പ്പില്‍ പൊതുപ്രവര്‍ത്തകനെ സഹഅധ്യക്ഷനാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കാമെന്ന് മന്ത്രി കപില്‍ സിബല്‍ വെള്ളിയാഴ്ചയും ഉറപ്പ നല്‍കി. പ്രക്ഷോഭകരുടെ പ്രതിനിധികളായ സ്വാമി അഗ്‌നിവേശും അരവിന്ദ് കെജ്‌രിവാളുമായി മന്ത്രി സിബല്‍ വെള്ളിയാഴ്ച രാവിലെ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന കൂടിക്കാഴ്ച നടന്നില്ല. ഈ കൂടിക്കാഴ്ച നടക്കാതിരുന്നത് അലംഭാവം കൊണ്ടാണെന്ന് ഇരുകൂട്ടരും പരസ്പരം കുറ്റപ്പെടുത്തി. ഇതിനിടയില്‍ സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ജയില്‍ നിറയ്ക്കല്‍ സമരം നടത്താന്‍ അന്നാ ഹസാരെ അനുയായികളെ ആഹ്വാനം ചെയ്തിരുന്നു.

സര്‍ക്കാറിന്റെ മുഖ്യ അനുരഞ്ജകനായ കപില്‍ സിബല്‍ അഴിമതി വിരുദ്ധ പ്രക്ഷോഭത്തില്‍ അന്നാ ഹസാരെയുടെ പിന്നണിയില്‍ ഉറച്ചുനില്‍ക്കുന്ന സാമൂഹികപ്രവര്‍ത്തകരായ സ്വാമി അഗ്‌നിവേശ്, അരവിന്ദ് കെജ്‌രിവാള്‍, കിരണ്‍ബേദി തുടങ്ങിയവരുമായി വെള്ളിയാഴ്ച നാലുവട്ടമാണ് ചര്‍ച്ച നടത്തിയത്. പ്രശ്‌നപരിഹാരത്തിന് പ്രധാനമന്ത്രി നേരിട്ട് രംഗത്തിറങ്ങിയതാണ് വഴിത്തിരിവായത്. ഹസാരെയുടെ പ്രക്ഷോഭത്തെത്തുടര്‍ന്നുള്ള സാഹചര്യങ്ങളെക്കുറിച്ചും ലോക്പാല്‍ ബില്ലിന്റെ നിലവിലുള്ള സ്ഥിതിയെക്കുറിച്ചും അദ്ദേഹം വെള്ളിയാഴ്ച ഉച്ചയോടെ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് വിശദീകരണം നല്‍കി.

അഴിമതിതടയുന്നതിനായി പരിഷ്‌കരിച്ച ലോക്പാല്‍ ബില്‍ വര്‍ഷകാലസമ്മേളനത്തിലാണ് പാസാക്കുക. ബില്ലിന്റെ കരട് രൂപം തയ്യാറാക്കുന്നതിന് ജനങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ ഉള്‍പ്പെടുത്തുക, ഈ സമിതിയുടെ അധ്യക്ഷസ്ഥാനത്തേക്ക് രാഷ്ട്രീയക്കാരനല്ലാത്ത സാമൂഹികപ്രവര്‍ത്തകനെ നിയമിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തത്ത്വത്തില്‍ അംഗീകരിച്ചു. സമിതിയില്‍ പകുതി സര്‍ക്കാര്‍ പ്രതിനിധികളാവും ഉണ്ടാവുക.

രാഷ്ട്രപതിയുണായുള്ള കൂടിക്കാഴ്ചയില്‍ സര്‍ക്കാറിന്റെ അനുരഞ്ജന ശ്രമങ്ങള്‍ കബില്‍ സിബല്‍ രാഷ്ട്രപതിയെ അറിയിച്ചു. വൈകിട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലുമായി പ്രധാനമന്ത്രി ഈ വിഷയം ചര്‍ച്ച ചെയ്തു.ലോക്പാല്‍ ബില്ല് യാഥാര്‍ഥ്യമാകുമെന്ന ഉറപ്പു ലഭിക്കാതെ സമരത്തില്‍ നിന്ന് പിന്മാറുന്നപ്രശ്‌നമില്ലെന്ന് അന്നാ ഹസാരെ വെള്ളിയാഴ്ച വൈകിട്ടോടെ വ്യക്തമാക്കിയിരുന്നു.

ജയപ്രകാശ് നാരായണന്‍ കെട്ടഴിച്ചുവിട്ട സമ്പൂര്‍ണ വിപ്ലവം എന്ന ജനാഭിലാഷ പ്രക്ഷോഭത്തിന്റെ സാധ്യതകളാണ് ഹസാരെ തന്റെ സമരത്തിലൂടെ രാജ്യത്ത് പരീക്ഷിക്കപ്പെട്ടത്. സമൂഹത്തിലെ നാനാതുറകളില്‍ പെട്ടവരും പിന്തുണ നല്‍കാനെത്തിയത് ശ്രദ്ദേയമാണ്.