ന്യൂദല്‍ഹി: അണ്ണാ ഹസാരെ സംഘത്തിന്റെ കോര്‍കമ്മിറ്റി യോഗം ഇന്ന്. അരവിന്ദ് കെജ് രിവാളിന്റെ കീഴിലുള്ള പബ്ലിക് കോസ് റിസര്‍ച്ച് ഫൗണ്ടേഷന്റെ ഓഫീസിലാണ് യോഗം നടക്കുക.

ടീം അംഗങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളെ തുടര്‍ന്ന് സംഘം നേരിടുന്ന പ്രതിസന്ധികളാണ് പ്രധാന ചര്‍ച്ചാവിഷയം. ഒക്ടോബര്‍ 16 മുതല്‍ മൗനവ്രതത്തിലായതിനാല്‍ ഹസാരെ യോഗത്തില്‍ പങ്കെടുക്കില്ല. ഹസാരെയ്ക്കു പുറമേ സംഘാംഗങ്ങളില്‍ പ്രധാനിയായ സന്തോഷ് ഹെഡ്‌ഗെയും യോഗത്തില്‍ പങ്കെടുക്കില്ല. മുംബൈയില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാലാണ് യോഗത്തില്‍ പങ്കുചേരാത്തതെന്ന് ഹെഡ്‌ഗെ പറഞ്ഞു.

Subscribe Us:

കോര്‍കമ്മിറ്റിയിലോ കോര്‍കമ്മിറ്റിയിലെ അംഗങ്ങളുടെ സത്യസന്ധതയിലോ അല്ല അണ്ണാ ഹസാരെയുടെ ശക്തിയെന്ന് സംഘാംഗങ്ങള്‍ക്കെതിരെ ഒളിയാക്രമണം നടത്തിക്കൊണ്ട് ഹെഡ്‌ഗെ വ്യക്തമാക്കി. ഹസാരെ സംഘത്തിലെ പ്രധാനികളായ അരവിന്ദ് കെജ്‌രിവാള്‍, കിരണ്‍ ബേദി എന്നിവര്‍ക്കെതിരെ ഗൗരവമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് കോര്‍ കമ്മിറ്റിയോഗം നടക്കുന്നത്. വലതുപക്ഷ ഭീകരതയില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ വേണ്ടി ആര്‍.എസ്.എസും ബി.ജെ.പിയും നടത്തുന്ന പദ്ധതിയുടെ ഭാഗമാണ് അണ്ണാ ഹസാരെയുടെ അഴിമതി വിരുദ്ധ പോരാട്ടമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗ് കഴിഞ്ഞദിവസം കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

അതിനിടെ കോര്‍ കമ്മിറ്റി പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് സംഘാംഗങ്ങളിലൊരാളായ കുമാര്‍ വിശ്വാസ് ഹസാരെയ്ക്ക് കത്തയച്ചിരുന്നു. കൂടുതല്‍ ആളുകളെ ഉപയോഗിച്ച് കമ്മിറ്റി വിപുലീകരിക്കണമെന്നാണ് കുമാര്‍ ആവശ്യപ്പെടുന്നത്.

malayalam news