Categories

അണ്ണാ ഹസാരേ


എഡിറ്റോ-റിയല്‍ / ബാബുഭരദ്വാജ്

പ്രസിദ്ധ മനുഷ്യാവകാശ പ്രവര്‍ത്തകനും പ്രക്ഷോഭകനും ഗാന്ധിയനുമായ ശ്രീ അണ്ണാ ഹസാരെയുടെ അനിശ്ചിതകാല നിരാഹാരം മഹത്തായതെന്ന് നമ്മള്‍ കൊട്ടിഘോഷിക്കുന്ന ജനാധിപത്യത്തിന്റെ ജീര്‍ണ്ണത ഒരിക്കല്‍ കൂടി വെളിവാക്കുന്നു. രാജ്യത്തെ ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥയിലേക്ക് തള്ളിവിട്ട എഴുപതുകളിലെ രാഷ്ട്രീയ അവബോധത്തിനു തുല്യമായ ഒരു സാമൂഹിക രാഷ്ട്രീയ ഇച്ഛാശക്തി രൂപപ്പെട്ടുവരുന്നു.

ജയപ്രകാശ് നാരായണന്‍ കെട്ടഴിച്ചുവിട്ട സമ്പൂര്‍ണ വിപ്ലവം എന്ന ജനാഭിലാഷ പ്രക്ഷോഭത്തിന്റെ സാധ്യതകളാണ് ഒരിക്കല്‍ കൂടി പരീക്ഷിക്കപ്പെടുന്നത്. പഴയതുപോലെ ഒരു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ജനങ്ങളെ നിരായുധരും നിശബ്ദരും നിസഹായരുമാക്കാന്‍ ഭരണകൂടത്തിന് കഴിയില്ലെന്ന് വ്യക്തമായിക്കൊണ്ടിരിക്കുന്നു.

മധ്യേഷന്‍ രാജ്യങ്ങളില്‍ ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരരാജ്യങ്ങളിലും അലയടിച്ചുയരുന്ന ജനകീയ സമരങ്ങളുടേയും തത്ഫലമായി ‘ ഇളകിത്തെറിക്കുന്ന രത്‌നസിംഹാസന” ങ്ങളുടേയും ചരിത്രകാലത്തിലാണ് അണ്ണാ ഹസാരെ അനിശ്ചിതകാല നിരാഹാരം എന്ന ഏറ്റവും ലളിതവും എന്നാല്‍ ആത്മപീഢ ഏറ്റവും നിറഞ്ഞതിനാല്‍ കഠിനവുമായ ഒരു സമരമാര്‍ഗത്തിലൂടെ ഒരു വലിയ ജനതയുടെ ഭാവനകളേയും ഇച്ഛാശക്തിയേയും ഉണര്‍ത്തുന്നത് എന്നത് ശ്രദ്ധേയമാണ്.

ഒറ്റയാള്‍ പോരാട്ടം എന്ന് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന ഈ സമരം ഇന്ന് ഒരു ബഹുജന പ്രക്ഷോഭമായും പ്രതിരോധമായും വളര്‍ന്നു. ഒരു മനുഷ്യന്‍ എല്ലാ ജനാഭിലാഷങ്ങളുടേയും കേന്ദ്രബിന്ദുവായി മാറിക്കൊണ്ടിരിക്കുന്നുവെന്നതും അദ്ദേഹം പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവല്ലെന്നതും അദ്ദേഹം മനുഷ്യാവകാശ പ്രവര്‍ത്തകനും ഗാന്ധിയനും അക്രമാസക്തമല്ലാത്ത പ്രക്ഷോഭപരിപാടികളില്‍ മാത്രം വിശ്വസിക്കുന്നവനും ജനക്കൂട്ടത്തിന്റെ രാഷ്ട്രീയം അറിയാത്തവനും കൈയ്യാളാത്തവനും ആണെന്നതും ഈ സമരത്തിന്റെ പ്രത്യകതമായാണ.്

യുവജനങ്ങളാണ് ഈ വൃദ്ധനൊപ്പം അണിചേരുന്നതെന്നതും ഒരു നിശബ്ദവിപ്ലവത്തിന്റെ മുന്നില്‍ ഭരണകൂടത്തിന്റെ അടിപതറുകയാണെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ ഈ വിലിയ ലോകത്തിന്റെ വലിയൊരു ഭാഗത്ത് മാറ്റത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞടിക്കുമ്പോഴാണ് 121 കോടി ജനങ്ങളുള്ള ഒരു രാജ്യവും ഒരു മനുഷ്യന്റെ നിരാഹാരത്തിലൂടെ ഒരു ആത്മപരിശോധനയ്ക്കു തയ്യാറാവുന്നത്. അതാണ് ഭരണം നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളേയും ഭരണകൂടത്തേയും ഭരണവര്‍ഗങ്ങളേയും ഭയചകിതരാക്കുന്നത്.

അണ്ണാ ഹസാരെയുടെ ആവശ്യം ഏറ്റവും ലളിതമാണ്. എന്നാല്‍ ഭരണകൂടത്തിന് അംഗീകരിക്കാന്‍ ഏറ്റവും വിഷമമുള്ളതുമാണ്. ശക്തമായ ഒരു അഴിമതി നിരോധന നിയമം ഉണ്ടാവണമെന്നത,് ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനായി ഭരണകക്ഷികള്‍ തട്ടിക്കൂട്ടിയുണ്ടാക്കുന്ന ലോക്പാല്‍ ബില്‍ അഴിച്ചുപണിയണമെന്നുമാണത്. ഇത്തരം ഒരു ബില്‍ തട്ടിക്കൂട്ടാനായി മന്ത്രിസഭ രൂപീകരിച്ച മന്ത്രിതല കമ്മറ്റിയിലെ അംഗങ്ങള്‍ക്ക് ‘പല്ലും നഖവു’മുള്ള ഒരു ബില്‍ തയ്യാറാക്കാന്‍ കഴിയില്ലെന്നും അണ്ണാ ഹസാരെ അര്‍ത്ഥശങ്കയ്ക്കിടില്ലാതെ പ്രഖ്യാപിക്കുന്നു.

മന്ത്രിസഭയിലെ അഴിമതിക്കാരെന്ന് പരക്കെ അഭിപ്രായമുള്ളവരെയാണ് അഴിമതി നിരോധിക്കാനുള്ള ഒരു ബില്ലിന്റെ രൂപകല്പനയ്ക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളത്. ഈ കമ്മിറ്റി രൂപപ്പെടുത്തുന്നതില്‍ അഴിമതിക്ക് നിയമസാധുത നല്‍കുന്നതും അഴിമതിക്കാരെ സംരക്ഷിക്കുന്നതും ‘ഉന്നത’ ങ്ങളിലെ അഴിമതിയെ കൗശലത്തോടെ മറച്ചുവയ്ക്കുന്നതുമായിരിക്കും.

ഭരിക്കുന്നവരെല്ലാം ജനങ്ങളാലും ഭരണകൂടത്തിലെ ചില അധികാരസ്ഥാപനങ്ങളാലും നീതിന്യായ വ്യവസ്ഥകളാലും ചോദ്യം ചെയ്യപ്പെടുന്ന ഒരു സവിശേഷകാലത്താണ് ബില്‍ അവതരിപ്പിക്കപ്പെടുന്നത്. ലക്ഷം ലക്ഷം കോടികളുടെ അഴിമതി ഭരിക്കുന്നവര്‍ നടത്തിയെന്നും നടത്തിക്കൊണ്ടിരിക്കുന്നുവെന്നും വെളിവാക്കപ്പെടുകയും ഉന്നയിക്കപ്പെടുകയും ചെയ്യുന്നകാലത്താണ് സര്‍ക്കാര്‍ ഇരുട്ടുകൊണ്ട് ഓട്ടയടക്കാനുള്ള ദുര്‍ബലമായ ഒരു ശ്രമം നടത്താന്‍ തുനിയുന്നത്. അത് തന്നെ ഇനി കൂടുതല്‍ അഴിമതിക്കഥകള്‍ പുറത്തുവരാതിരിക്കാനുമാണ്.

അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന് സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത്തരമൊരു ബില്‍ കരിപുരണ്ട മന്ത്രിമാര്‍ കൂട്ടം ചേര്‍ന്നുണ്ടാക്കേണ്ടതല്ലെന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികളും മനുഷ്യാവകാശ പ്രവര്‍ത്തകരും സംയുക്തമായി ഉണ്ടാക്കേണ്ടതാണെന്നും ബില്ലിലെ വ്യവസ്ഥകളെക്കുറിച്ച് ജനങ്ങള്‍ക്കിടിയില്‍ വ്യാപകമായി ചര്‍ച്ച നടത്തേണ്ടതാണെന്നും തിരക്കിട്ട് ഒരാഴ്ചകൊണ്ട് പാസാക്കിയെടുക്കേണ്ട ഒരു തട്ടിക്കൂട്ട് ബില്ല് ആവരുത് അതെന്നും അണ്ണ ഹസാരെ വാദിക്കുന്നു. ഈ വാദഗതികളെ തള്ളിക്കളയാന്‍ കഴിയാത്ത വല്ലാത്തൊരവസ്ഥയിലാണ് കോണ്‍ഗ്രസും ഭരണകക്ഷികളുംപെട്ടിരിക്കുന്നത്.

ഭരണകൂടം പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാന്‍ ഉദ്ദേശിക്കുന്ന ബില്ലില്‍ അഴിമതിക്കാരെ ശിക്ഷിക്കാനുള്ള അവകാശങ്ങള്‍ നിയമനിര്‍മ്മാണത്തിലൂടെ രൂപപ്പെടുന്ന ‘ലോക്പാല്‍’ കള്‍ക്കില്ലെന്നതാണ് ഏറ്റവും രസകരമായ വ്യവസ്ഥ അതുകൊണ്ട് ഇപ്പോള്‍ ഉദ്ദേശിക്കുന്ന ലോക്പാല്‍ബില്ലിന് പകരം ‘ജനപാല്‍’ ബില്ലാണ് വേണ്ടതെന്നും ദണ്ഡനാധികാരങ്ങള്‍ ഉള്ളതും മൂര്‍ച്ചയുള്ള പല്ലുകളും നഖങ്ങളും ഉള്ള ഒരു ഭരണാധികാരകേന്ദ്രമാണ് സൃഷ്ടിക്കപ്പെടേണ്ടതെന്നും അണ്ണ ഹസാരെ വാദിക്കുന്നു.

തികച്ചും ന്യായയുക്തവും പ്രയോഗക്ഷമവുമാണ് അണ്ണ ഹസാരെയുടെ വാദമുഖങ്ങളെന്ന് ഞങ്ങള്‍ തീര്‍ത്തും വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ ഈ സമരത്തെ ഞങ്ങള്‍ ശക്തമായി പിന്താങ്ങുന്നു. മാത്രമല്ല ഭരണകൂടത്തിന്റെ ഭയത്തിന്റെ കാരണങ്ങളും ഞങ്ങള്‍ കൃത്യമായി അറിയുന്നു.

അഴിമതിക്കാര്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യതകള്‍ തെളിയുന്നുവെന്നത് മാത്രമല്ല ഭരണകൂടത്തെ ഭയപ്പെടുത്തുന്നത്. അണ്ണ ഹസാരെ നിര്‍ദേശിക്കുന്ന തരത്തിലുള്ള ഒരു സമിതി ഭരണത്തില്‍ ജനങ്ങള്‍ നടത്തുന്ന ഒരു ഇടപെടലാണെന്നതാണ്. ജനങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികള്‍ക്കൊപ്പം ജനങ്ങള്‍ കൂടി നിയമനിര്‍മ്മാണത്തിന്റെ ഭാഗമാകുന്നുവെന്നതാണത്. ജനാധിപത്യത്തിന്റെ ഇന്നത്തെ പരിമിത സങ്കല്‍പ്പങ്ങളില്‍ നിന്നും ചട്ടക്കൂടുകളില്‍ നിന്നും വിശാലമായ ഒരു ജനാധിപത്യക്രമത്തിലേക്ക് നമ്മുടെ ജനാധിപത്യം ‘പൊട്ടിത്തെറിക്കുക’ എന്നതാണത് – ഒരു പുതിയ ജനാധിപത്യ വിസ്‌ഫോടനം.

ജനപ്രതിനിധികള്‍ ഒത്തുചേര്‍ന്ന് ഒരു നിയമം പടച്ചുണ്ടാക്കുന്നതിന് മുന്‍പ് അതെങ്ങനെയായിരിക്കണമെന്ന് അറിയാനും അതില്‍ തിരുത്തലുകള്‍ വരുത്താനും നിയമത്തെ അടിമുടി മാറ്റിമറിക്കാനും ഉള്ള അവകാശം ജനങ്ങളില്‍ എത്തിച്ചേരുക എന്ന അതിപ്രധാനമായ ജനാഭിലാഷം ഇതില്‍ അടങ്ങിയിരിക്കുന്നു. അന്നാഹസാരെയുടെ സമരത്തെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന ന്യായങ്ങളും അതുതന്നെയാണ്. ഇവിടെ തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരും പ്രതിപക്ഷവുമുണ്ട്. ജനപ്രതിനിധികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രധാനമന്ത്രിയും മന്ത്രിമാരുമുണ്ട്. അവരുടെ ജോലി നിയമനിര്‍മാണം നടത്തലും നടപ്പിലാക്കലുമാണ്.

‘ബാഹ്യ ശക്തികള്‍ അതിലെന്തിനാണ് ഇടപെടുന്നത്.’? നമ്മുടെ ജനാധിപത്യ സങ്കല്പം എത്ര പരിമിതവും ശുഷ്‌കവുമാണ്? വോട്ടുചെയ്യാനുള്ള അവകാശം മാത്രം വീണുകിട്ടിയ ഒരു ജനതയാണോ നമ്മള്‍. അഞ്ചുകൊല്ലം തിരഞ്ഞെടുക്കപ്പെട്ടവരുടെ ആട്ടും തുപ്പും സഹിച്ചു അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണോ നമ്മള്‍? ജനാഭിലാഷം പ്രകടിപ്പിക്കാന്‍ ജനങ്ങള്‍ക്കധികാരവും അവകാശവുമില്ലേ?

ഈ ചോദ്യങ്ങള്‍ ഭരണാധികാരികളെ ഭയപ്പെടുത്തുന്നു. അതുകൊണ്ട് ജനങ്ങള്‍ ഭരണം കൈയ്യാളാന്‍ തുനിയുന്നതിനെ തടയാന്‍ അവരെന്ത് ആയുധവും പ്രയോഗിക്കാന്‍ ഒരുങ്ങും. ജനങ്ങളുടെ അവകാശങ്ങള്‍ വര്‍ധിക്കുന്നതിനെ അവര്‍ക്കൊരിക്കലും പൊറുപ്പിക്കാനാവില്ല. ഭരണവര്‍ഗത്തിന് അതൊരിക്കലും സഹിക്കാനുമാവില്ല. നമ്മുടെ ജനാധിപത്യാവകാശ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തത്തിനാണ് നമ്മള്‍ സാക്ഷിയാവാന്‍ പോവുന്നത്.

ജനാധിപത്യത്തില്‍ ജനങ്ങളെ പ്രതിഷ്ഠിക്കാനാണ് അണ്ണാ ഹസാരെ നിരാഹാരവ്രതം നടത്തുന്നത്. ഭരണം കയ്യടക്കിയ ചില കാപട്യക്കാര്‍ പുറം തള്ളപ്പെടുന്നതിലേക്ക് നയിക്കുന്ന ഒരു ചരിത്ര നിമിഷം രൂപപ്പെടാനുള്ള സാഹചര്യങ്ങള്‍ അന്നുണ്ടാകുമെങ്കില്‍ ഞങ്ങള്‍ സന്തോഷഭരിതരായിരിക്കും. ജനങ്ങള്‍ സ്വയം തിരിച്ചറിയുന്ന ആ മഹത്തായ നിമിഷത്തിനായി ഞങ്ങള്‍ കാത്തിരിക്കുന്നു. ഇതൊരു കാത്തിരിപ്പിന്റേയും പ്രതീക്ഷയുടേയും കാലമായതിനാല്‍ ഈ ദുഃഖക്കുറിപ്പ് ഇവിടെ അവസാനിക്കുന്നില്ല. ഇനിയുള്ള നാളുകളില്‍ ഇത് തുടരും.

അടിവര

അഴിമതിക്കാരെ ജയിലിലടയ്ക്കാനും തൂക്കിക്കൊല്ലാനുമുള്ളതായിരിക്കണം ലോകപാല്‍ നിയമമെന്ന് ഹസാരെ പറയുന്നു. ഞങ്ങളതിനെ ഇങ്ങനെ മാറ്റിപ്പണിയുന്നു. അഴിമതിക്കാരെ ജയിലിലടയ്ക്കാനും തൂക്കിക്കൊല്ലാനുമുള്ള അവാശമാണ് ജനാധിപത്യം. മാത്രമല്ല ‘ജനങ്ങളുടെ ഭാഷ മനസ്സിലായില്ലെങ്കില്‍ ജനങ്ങള്‍ ഈ സര്‍ക്കാരിനെ വീട്ടിലിരുത്തും’ എന്നുകൂടി ഹസാരെയ്‌ക്കൊപ്പം ഞങ്ങളും ആവര്‍ത്തിക്കുന്നു. ‘ ലോക്പാല്‍ നിയമം ഭരണകൂടത്തിന്റെ ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണ്.’

4 Responses to “അണ്ണാ ഹസാരേ”

 1. nilamburkaran

  പ്രിയമുള്ളവരേ. അന്നാ ഹസാരെ നടത്തുന്ന കുരിശു യുദ്ധത്തില്‍ പങ്കു ചേരൂ.. നാടിനെ അഴിമതിയുടെ കരാള ഹസ്തങ്ങളില്‍ നിന്ന് മോചിപ്പിക്കൂ.. പാവപ്പെട്ടവന് കഞ്ഞി വെക്കാന്‍ അരിയും വിതക്കാന്‍ വിത്തും വളവും വാങ്ങാനുള്ള പണം കട്ട് മുടിക്കുന്ന തുരപ്പന്മാരെ തുറന്കില്‍ അടക്കാനുള്ള നിയമം വരട്ടെ. ചുരുങ്ങിയ പക്ഷം ഇവനൊക്കെ ഒരു പേടി എങ്കിലും കാണുമല്ലോ??? പ്ലീസ് അന്നയെ പിന്‍തുണക്കൂ…ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്‍റെ മനം കാക്കൂ .. കട്ട് മുടിക്കുന്ന ഡി എം കെ , തുടങ്ങിയ കക്ഷികളെ നിരോധിക്കുക തന്നെ വേണം .. ചത്തു പോവുമ്പോള്‍ വിറകിനും ചിരട്ടകും പകരം നോട്ടു കെട്ട് ഇട്ടു കത്തിച്ചാലും തീരാത്തത്ര പണം ഇവന്മാരൊക്കെ കട്ട് മുടിച്ചു ഒളിപ്പിച്ചു വെച്ചിരിക്കുക ആണ്. അത് ഈ നാടിലെ പാവപ്പെട്ടവന്റെ പണം ആണ് പ്രിയമുള്ളവരേ… നാടുകാരെ ..പ്രതികരിക്കൂ.. ഇതിനിയും ത്ടരണം നാട്ടുകാരെ.. പവപെട്ടവന്റെ ജീവിത സാഹചര്യങ്ങള്‍ മെച്ചപെടുത്താനുള്ള നികുതി പണം കയ്യിട്ടു വാരിയാല്‍ ‘അകത്താവും ‘ എന്ന്ന പേടി എല്ലാ നാറികള്‍ക്കും വരണം. അതുപോലെ വലിയ വലിയ തുകകള്‍ ശമ്പളം വാങ്ങിയിട് ഒന്നും ചെയ്യ്ത സര്‍കാര്‍ ഉദ്യോഗസ്ഥര്കും പേടി വേണം.. പണി എടുത്തില്ലെങ്കില്‍ ജോലി പോവും കുടുംബം പട്ടിണിയാവും എന്ന പേടി. ഇന്നലെ ഈ നാട് നന്നാവൂ…ഈ നാട് നമുക്കൊന്ന് നന്നക്കെണ്ടേ? നല്ല സന്തോഷ വന്മാരായ പട്ടിണിക്കാര്‍ ഇല്ലാത്ത നല്ല റോഡ്‌ കല്‍ ഉള്ള എല്ലാവകും ജോലി ഉള്ള ആരെയും പേടിക്കാതെ പുറത്തിറങ്ങി നടക്കാവുന്ന ഒരു നാട് ” സമത്വ സുന്ദര ഭാരതം …” നമുക്ക് വേണ്ടേ? അതിന്റെ ആദ്യ പടിയാണ് “കട്ട് മുടിക്കുന്ന എല്ലാ നായകളെയും അകത്താക്കുക..” എന്നത്…

 2. vk.biju

  ജയ് ഭാരതം ജയ് അന്ന ഹസാരെ .കള്ളന്മാര്‍ തുലയട്ടെ ഹസാരെ ജയിക്കട്ടെ

 3. mk purakkat

  നടക്കട്ടെ ഇന്ത്യയിലും ഒരു മുല്ലപ്പൂ വിപ്ലവം …. പൊതു മുതല്‍ കട്ട് മുടിക്കുന്ന കാട്ട് കള്ളന്മാരെ ജാഗ്രതെ …നിങ്ങള്‍ തിരുത്തുക അല്ലെങ്കില്‍ കാലം നിങ്ങളെ തിരുത്തും ….ഹസരെക് അഭിവാദ്യങ്ങള്‍ …ഇന്ത്യന്‍ ജനതക്കും ……………….

 4. Gopakumar N.Kurup

  This seems to be a good article. Yesterday the content was not so good and was an entirely different one. I have put a comment on that article yesterday. That didn’t published. However the content of the article modified. Good to see that this article meets Babu Bharadvaj’s standard.. Thanks to DoolNews.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.