ന്യൂദല്‍ഹി: അഴിമതിക്കും കള്ളപ്പണത്തിനുമെതിരായി അണ്ണാ ഹസാരെയും യോഗ ഗുരു ബാബാ രാംദേവും നടത്തുന്ന സംയുക്ത ഉപവാസം ദല്‍ഹിയില്‍ ആരംഭിച്ചു. ദല്‍ഹി ജന്തര്‍മന്ദറിലാണ് ഉപവാസം നടക്കുന്നത്. വൈകുന്നേരം അഞ്ച് വരെ ഉപവാസം നീളും.

സംയുക്ത ഉപവാസത്തെ തുടര്‍ന്ന് തലസ്ഥാന നഗരിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 20 കമ്പനി പാരാമിലിട്ടറി സേനയെയാണ് ഒരുക്കിയിരിക്കുന്നത്.

അണ്ണാ ഹസാരെയും ബാബാ രാംദേവും സംയുക്തമായി ഉപവാസം നടത്തുന്നത് ഇത് ആദ്യമാണ്. സംയുക്ത ഉപവാസത്തിന്റെ ഭാഗമായി രാംദേവിന്റെ ഭാരത് സ്വാഭിമാന്‍ ആന്തോളന്‍ വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും ഉപവാസം നടത്തുന്നുണ്ട്.

ഉപവാസത്തിന് മുമ്പായി ഹസാരെയും രാംദേവും മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലമായ രാജ്ഘട്ട് സന്ദര്‍ശിച്ചു. അനുയായികളോടൊപ്പം പ്രകടനമായാണ് രാംദേവ് രാജ് ഘട്ടിലെത്തിയത്. ഹസാരെ അദ്ദേഹം താമസിക്കുന്ന മഹാരാഷ്ട്ര സദനില്‍ നിന്നും നേരെ രാജ്ഘട്ടിലെത്തുകയായിരുന്നു. ഏതാണ്ട് 2000 ആളുകളാണ് ഉപവാസസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സദസ്സില്‍ ഇരിക്കുന്നത്.

അരവിന്ദ് കെജ്രിവാള്‍ ,മനീഷ് സിസോദിയ, ഗോപാല്‍ റായ് തുടങ്ങിയവര്‍ ഉപവാസത്തിയിട്ടുണ്ട്. എന്നാല്‍ രാംദേവുമായുള്ള സംയുക്ത സമരത്തിന്റെ പേരില്‍ അണ്ണാ സംഘത്തില്‍ തന്നെ അഭിപ്രായവ്യത്യാസവും ഭിന്നതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.