മുംബൈ: അണ്ണാ ഹസാരെയുടെ പാകിസ്ഥന്‍ സന്ദര്‍ശനത്തിനെതിരെ ശക്തമായ എതിര്‍പ്പുമായി ശിവസേന രംഗത്തെത്തി. തന്നെ സന്ദര്‍ശിച്ച പാകിസ്ഥാന്‍ അതിഥികളോട് ആദ്യം പാകിസ്ഥാന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ പറയുകയായിരുന്നു ഹസാരെ ചെയ്യേണ്ടിയിരുന്നെന്ന് ശിവസേന വക്തമാവ് സഞ്ജയ് റൗത്ത് പറഞ്ഞു. പാകിസ്ഥാനുമായി ആര്‍ക്കും ഒരു തരത്തിലുള്ള ബന്ധവും ഉണ്ടാകരുതെന്നാണ് ശിവസേനയുടെ നയമെന്നും സഞ്ജയ് കൂട്ടിച്ചേര്‍ത്തു.

മുന്‍ പാക്കിസ്ഥാന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് നാസിര്‍ അസ്‌ലം, സമാധാന പ്രവര്‍ത്തകനായ കറാമത്ത് അലി എന്നിവരാണ് ഹസാരെയെ പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചത്. ഇരുവരും ഹസാരെയുടെ ഗ്രാമമായ റലേഗാവ് സിദ്ധിയിലെത്തി ഹസാരയെ സന്ദര്‍ശിക്കുകയായിരുന്നു.

ഇന്ത്യയിലെന്നപോലെ പാക്കിസ്ഥാനിലും അഴിമതികൊണ്ട് ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും തന്റെ സന്ദര്‍ശനം കൊണ്ട് അവര്‍ക്കെന്തെങ്കിലും ഗുണമുണ്ടാകുമെങ്കില്‍ അവിടെ പോകുമെന്നും ഹസാരെ പറഞ്ഞിരുന്നു.