Categories

നിരാഹാരം നിര്‍ത്തി; ഇത് തുടക്കം മാത്രമെന്ന് ഹസാരെ

anna-hasare fast ന്യൂദല്‍ഹി: അഴിമതിക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച അണ്ണാഹസാരെക്ക് മുമ്പില്‍ സര്‍ക്കാര്‍ മുട്ട് മടക്കി. അഴിമതിയെ നേരിടുന്നതിനുള്ള ലോക്പാല്‍ ബില്ല് നിര്‍മ്മിക്കുന്നതിനായുള്ള സമിതിയെ നിശ്ചയിക്കാന്‍ തീരുമാനിച്ചതിന്റെ അടിസ്താനത്തിലാണ് അണ്ണാ ഹസാരെ സമരം അവസാനിപ്പിച്ചു. ലോക്പാല്‍ ബില്ലിനായുള്ള സമിതിയെ നിശ്ചയിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിന്റെ പകര്‍പ്പ് ലഭിച്ച ശേഷമാണ് ഹസാരെ സമരം അവസാനിപ്പിച്ചത്.

‘ സമരം ഇവിടെ അവസാനിക്കുന്നില്ല. നമ്മള്‍ തുടങ്ങിയിട്ടേയുള്ളൂ. ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. ലക്ഷ്യം നേടാനായത് ജനപിന്തുണകൊണ്ടാണ്’- ഹസാരെ വ്യക്തമാക്കി. കേന്ദ്ര മന്ത്രിസഭയുടെ പ്രതിനിധിയായി പ്രണബ് മുഖര്‍ജിയും പൊതുസമൂഹത്തിന്റെ പ്രതിനിധിയായി ശാന്തിഭൂഷണും സമിതിയെ നയിക്കും. നിയമമന്ത്രി എം. വീരപ്പ മൊയ്‌ലി, ടെലികോം മന്ത്രി കപില്‍ സിബല്‍, ആഭ്യന്തരമന്ത്രി പി. ചിദംബരം, ജലവിഭവമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരാണു സമിതിയിലെ മറ്റു സര്‍ക്കാര്‍ പ്രതിനിധികള്‍. പൊതു സമൂഹത്തിന്റെ മറ്റു പ്രതിനിധികളായി പ്രശാന്ത് ഭൂഷണ്‍, സുപ്രീം കോടതി മുന്‍ ജഡ്ജി സന്തോഷ് ഹെഗ്‌ഡെ, മഗ്‌സസെ അവാര്‍ഡ് ജേതാവും വിവരാവകാശ പ്രവര്‍ത്തകനുമായ അരവിന്ദ് കേസരിവാള്‍ എന്നിവരാണു സമിതിയിലുള്ളത്.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാമെന്ന് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിട്ടുണ്ട്. ലോക്പാല്‍ ബില്‍ രൂപപ്പെടുത്തുന്ന കരട് സമിതിയില്‍ സമൂഹിക സംഘടനാ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്താന്‍ കീഴ്‌വഴക്കങ്ങള്‍ അനുവദിക്കുന്നില്ലെന്നായിരുന്നു സര്‍ക്കാറിന്റെ ആദ്യ നിലപാട്. പാര്‍ലമെന്റിന് മുന്നില്‍ വെക്കാനുള്ള നിയമം രൂപപ്പെടുത്തേണ്ടത് മന്ത്രിതല സമിതിയാണെന്നും വാദിച്ചു. എന്നാല്‍ അണ്ണാ ഹസാരെയും മറ്റു സമര നേതാക്കളും വിട്ടുകൊടുത്തില്ല.

അഴിമതിക്കെതിരായ കര്‍ക്കശ നിയമ വ്യവസ്ഥകള്‍ക്ക് സര്‍ക്കാര്‍ എതിരാണെന്ന വികാരം പടരുന്നത് മുന്‍നിര്‍ത്തി ഒടുവില്‍ വിട്ടുവീഴ്ചകള്‍ക്ക് സര്‍ക്കാര്‍ വഴങ്ങുകയാണ് ഉണ്ടായത്. ജനകീയ സമരത്തിന്റെ വിജയം ആഘോഷിച്ച് രാത്രി ദല്‍ഹിയിലും വിവിധ നഗരങ്ങളിലും പ്രകടനം നടന്നു.

ഇന്നലെ രാത്രി മന്ത്രിമാരായ കപില്‍സിബല്‍, വീരപ്പമൊയ്‌ലി, സല്‍മാന്‍ ഖുര്‍ശിദ് എന്നിവരും അണ്ണാ ഹസാരെക്ക് വേണ്ടി സ്വാമി അഗ്‌നിവേശ്, അരവിന്ദ് ഖെജ്‌രിവാള്‍, കിരണ്‍ ബേദി എന്നിവരും രാത്രി നടത്തിയ നാലാംവട്ട ചര്‍ച്ചകളാണ് സത്യഗ്രഹം അവസാനിപ്പിക്കുന്നതിന് കളമൊരുക്കിയത്.

അണ്ണാ ഹസാരെയുടെ സമരത്തിന് ദല്‍ഹിക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വര്‍ധിച്ച ജനപിന്തുണയാണ് ലഭിച്ചത്. ഇതോടെ സമരം നേരത്തേ അവസാനിച്ചുകിട്ടേണ്ട നിര്‍ബന്ധിതാവസ്ഥയിലായി സര്‍ക്കാര്‍. അണ്ണാ ഹസാര ഉയര്‍ത്തുന്ന ആവശ്യങ്ങളോട് അനുഭാവം പ്രകടിപ്പിച്ച് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രംഗത്തുവന്നതിന് പിന്നാലെ, സമരക്കാരുമായി ചര്‍ച്ച നടത്തിയ കേന്ദ്രമന്ത്രി കപില്‍ സിബലും മറ്റു മുതിര്‍ന്ന മന്ത്രിമാരുമായി സാധ്യമായ നടപടികളെക്കുറിച്ച് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ചര്‍ച്ച നടത്തി. അതിനു ശേഷമായിരുന്നു രാത്രിയിലെ ചര്‍ച്ച. നേരത്തേ, രാഷ്ട്രപതി പ്രതിഭാ പാട്ടീലിനെ സന്ദര്‍ശിച്ചും പ്രധാനമന്ത്രി വിഷയം ചര്‍ച്ചചെയ്തിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.