ന്യൂദല്‍ഹി: സമഗ്രലോക്പാല്‍ ബില്ലിന് വേണ്ടി തീഹാര്‍ ജയിലില്‍ നിരാഹാരം തുടരുന്ന ഗാന്ധിയനും സാമൂഹിക പ്രവര്‍ത്തകനുമായ അണ്ണാ ഹസാരെയുടെ മോചനത്തിന് വഴി തെളിയുന്നു. ഹസാരെയുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍  ദില്ലി പോലീസ് പൂര്‍ണ്ണമായും അംഗീകരിച്ചതിനെ തുടര്‍ന്നാണ് ഹസാരെയുടെ മോചനത്തിന് വഴിതെളിഞ്ഞത്.

ഉപാധികളില്ലാതെ കുറഞ്ഞത് ഒരുമാസത്തേക്കെങ്കിലും ദില്ലിയില്‍ സമരം ചെയ്യാന്‍ അനുമതി നല്‍കണമെന്ന ഹസാരെയുടെ ആവശ്യം ദില്ലി പോലീസ് അംഗീകരിച്ചു. ഏഴ് ദിവസത്തിനും പിന്നീട് ആവശ്യമാണെങ്കില്‍ നീട്ടി നല്‍കാമെന്നും സമരസ്ഥലത്ത് 25,000 ആളുകള്‍ക്ക് സംഗമിക്കാമെന്നും ദില്ലി പോലീസ് അറിയിച്ചു.

നേരത്തെ 5,000 ആളുകളെ മാത്രമേ അനുവദിക്കൂ എന്നായിരുന്നു പോലീസ് നിലപാട്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഹസാരെയുടെ ആവശ്യങ്ങള്‍ക്ക് മുന്നില്‍ മുട്ട് മടക്കാന്‍ പോലീസ് തീരുമാനിച്ചത്. എന്നാല്‍ സമരവേദിയും സമരപരിധിയും സംബന്ധിച്ച് സര്‍ക്കാര്‍ ഇപ്പോഴും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഇത് സംബന്ധിച്ച ഹസാരെയും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.