ന്യൂദല്‍ഹി: അന്നാ ഹസാരെക്കും അനുയായികള്‍ക്കുമെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഇടത് പാര്‍ട്ടികളും പോഷക സംഘടനകളും ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധ പ്രകടനങ്ങള്‍ നടത്തും. വെവ്വേറെ തയ്യാറാക്കിയ കുറിപ്പില്‍ നാളെ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടങ്ങള്‍ നടത്താന്‍ സി.പി.ഐ.എംഉം സി.പി.ഐയും തങ്ങളുടെ പോഷക സംഘടനകള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജനാധിപത്യ രാഷ്ടത്തില്‍ സമാധാനപരമായി നിരാഹാരസമരം നടത്താനുള്ള പൗരന്റെ മൗലീക അവകാശത്തിന് നേരെയുള്ള കടന്ന കയറ്റമാണ് ഹസാരെയുടെയും അനുയായികളുടെയും അറസ്്റ്റിലൂടെ മന്‍മോഹന്‍ സിങ് ഗവണ്‍മെന്റ് ചെയ്തതിരിക്കുന്നതെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ചേദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് പറഞ്ഞ ഡി.വൈ.എഫ്.ഐ, ഹസാരെക്കും അനുയായികള്‍ക്കുമെതിരെയുള്ള പോലീസ് നടപടി ജനാധിപത്യ വിരുദ്ദമാണെന്നും പറഞ്ഞു.

ഹസാരെക്കെതിരെയുള്ള നടപടി നിയമ വിരുദ്ദവും ജനാധിപത്യ വിരുദ്ദവുമാണെന്ന് പറഞ്ഞ സി.പി.ഐ. കേന്ദ്ര സെക്രട്ടറിയേറ്റ് അദ്ദേഹത്തിനെതിരായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നടപടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്വമാണ് വെളിപ്പെടുത്തുന്നതെന്നും വ്യക്തമാക്കി. ഹസാരെയുടെ ജയില്‍ മോചനത്തിനായി നാളെ രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും പത്രകുറിപ്പില്‍ വ്യക്തമാക്കി.