ന്യൂദല്‍ഹി: നിരോധനാജ്ഞ ലംഘിച്ച് അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ചതിന്റെ പേരില്‍ അറസ്റ്റിലായ ഗാന്ധിയന്‍ അണ്ണാ ഹസാരെ ഇന്ന് പുറത്തിറങ്ങും. ഹസാരെ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ ദല്‍ഹി പോലീസ് അംഗീകരിക്കാന്‍ തയ്യാറായതോടെയാണ് അദ്ദേഹം ജയിലില്‍ നിന്നും പുറത്തിറങ്ങാന്‍ തയ്യാറായത്.

രാം ലീല മൈതാനിയില്‍ സെപ്റ്റംബര്‍ 2വരെ നിരാഹാരസമരം നടത്താനുള്ള അനുമതി ഹസാരെക്ക് ലഭിച്ചിട്ടുണ്ട്. രാം ലീല മൈതാനത്തിന് ഉള്‍ക്കൊള്ളാന്‍ പറ്റുന്നത്രയാളുകള്‍ക്ക് സമരത്തില്‍ പങ്കെടുക്കാം. രാത്രി 10.30വരെ ഉച്ചഭാഷിണി ഉപയോഗിക്കാനും അനുമതി ലഭിച്ചിട്ടുണ്ട്. അനുമതി രേഖാമൂലം ഹസാരെയുടെ അനുയായികള്‍ക്ക് നല്‍കി.

രാം ലീല മൈതാനത്ത് ഒരുമാസം സമരം നടത്താനുള്ള അനുമതി ആവശ്യപ്പെട്ടാണ് ഹസാരെ നേരത്തെ ദല്‍ഹി പോലീസിനെ സമീപിച്ചിരുന്നത്. എന്നാല്‍ മൂന്ന് ദിവസം സമരം നടത്താനാണ് പോലീസ് അനുമതി നല്‍കിയത്. ഇതേ തുടര്‍ന്ന് നടന്ന നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് പോലീസ് ഹസാരെയുടെ നിര്‍ബന്ധത്തിന് വഴങ്ങിയത്. ഹസാരെ മുന്നോട്ടുവച്ച മിക്ക ആവശ്യങ്ങളും പോലീസ് അംഗീകരിച്ചിട്ടുണ്ട്.

രാം ലീല മൈതാനിയില്‍ സമരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായാലുടന്‍ ഹസാരെ ജയിലില്‍ നിന്നും പുറത്തിറങ്ങും. ദല്‍ഹി മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ രാം ലീല മൈതാനിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.

ജയില്‍മോചിതനായാലുടന്‍ അദ്ദേഹം രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തും. അതിനുശേഷം രാംലീലാ മൈതാനിയില്‍ ഹസാരെ നിരാഹാരസമരം തുടരും. മോചിതനാകുന്നതിന്റെ ഭാഗമായി ഹസാരെയുടെ വൈദ്യപരിശോധന പൂര്‍ത്തിയായി. മൂന്ന് തവണയാണ് അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയത്. ഹസാരെയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി അദ്ദേഹത്തിന്റെ അനുയായികള്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ആശുപത്രിയിലേക്ക് മാറ്റുമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

ചൊവ്വാഴ്ച രാത്രി അദ്ദേഹത്തെ ജയില്‍മോചിതനാക്കിയിരുന്നെങ്കിലും ഉപാധികള്‍ പിന്‍വലിക്കാതിരുന്നതിനാല്‍ പുറത്തിറങ്ങാന്‍ അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. നിബന്ധനകള്‍ പിന്‍വലിച്ചിട്ടുണ്ടെങ്കിലും രാംലീലാ മൈതാനത്തിനകത്ത് ഒതുങ്ങി നിന്നാകണം സമരമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.