ന്യൂദല്‍ഹി: അണ്ണാ ഹസാരെയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ജന്‍മനാട്ടില്‍ ബന്ദ്. അറസ്റ്റുവിവരമറിഞ്ഞ ഉടന്‍ അഹ്മദ് നഗര്‍ ജില്ലയിലെ ഗ്രാമത്തില്‍ നാട്ടുകാര്‍ ഗതാഗതം തടസ്സപ്പെടുത്തി. സര്‍ക്കാര്‍ ബസുകളടക്കം തടഞ്ഞാണ് ഇവര്‍ പ്രതിഷേധം നടത്തുന്നത്. അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ന് നിരാഹാരം അനുഷ്ഠിക്കുമെന്നും സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ പ്രതിഷേധത്തില്‍ അണിചേര്‍ക്കുമെന്നും ഹസാരെയുടെ അനുയായി ദത്ത ആവ്‌രി വ്യക്തമാക്കി.

ശക്തമായ ലോക്പാല്‍ ബില്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട ഇന്ന് അനിശ്ചിതകാല നിരാഹാരം പ്രഖ്യാപിച്ച അവസരത്തിലാണ് രാവിലെ ദല്‍ഹി പോലീസ് ഹസാരെയെ അറസ്റ്റ് ചെയ്തത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ കിരണ്‍ബേദിയെയും ശാന്തി ഭൂഷണെയും ഹസാരെയുടെ അനുയായി അരവിന്ദ് കെജ്‌റിവാളിനെയും പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.