ബാംഗ്ലൂര്‍: അടുത്തവര്‍ഷം നടക്കുന്ന ലണ്ടന്‍ ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് ഇന്ത്യയുടെ മലയാളി ലോംഗ്ജമ്പ് താരം അഞ്ജു ബോബി ജോര്‍ജ്ജ് പരിശീലനം തുടങ്ങി. മികച്ച പ്രകടനം ലണ്ടന്‍ ഒളിമ്പിക്‌സില്‍ കാഴ്ച്ചവെയ്ക്കുമെന്ന് അഞ്ജു പറഞ്ഞു.

കുറേക്കാലമായി പരിശീലനത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു അഞ്ജു. ബീജിംഗ് ഒളിമ്പിക്‌സിന്റെ ആദ്യറൗണ്ടില്‍തന്നെ അഞ്ജു പുറത്തായിരുന്നു. ഭര്‍ത്താവ് ബോബി ജോര്‍ജ്ജുമൊന്നിച്ചാണ് അജ്ഞു ബാംഗ്ലൂരില്‍ പരിശീലനത്തിലെത്തിയത്.

2004ലെ ആതന്‍സ് ഒളിമ്പിക്‌സിലായിരുന്നു അഞ്ജു തന്റെ മികച്ച പ്രകടനം കാഴ്ച്ചവെച്ചത്. അന്ന് 6.83 മീറ്റര്‍ദൂരം ചാടിയാണ് അഞ്ജു ചരിത്രം സൃഷ്ടിച്ചത്. 2003ല്‍ പാരിസില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ 6.70 മീറ്റര്‍ ചാടി മൂന്നാം സ്ഥാനത്തെത്തിയ അഞ്ജു അന്താരാഷ്ട്ര തലത്തില്‍തന്നെ ശ്രദ്ധേയ കായികതാരമായി മാറിയിരുന്നു.