ഇടുക്കി: യൂത്ത് കോണ്‍ഗ്രസ് നേതാവ് അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട് സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണി ഉള്‍പ്പെടെ നാല് പേരെ പത്ത് ദിവസത്തിനുള്ളില്‍ നുണ പരിശോധനയ്ക്ക് വിധേയരാക്കും.

Ads By Google

എം.എം. മണി, ഉടുമ്പന്‍ചോല സ്വദേശി കൈനകരി കുട്ടന്‍, ഒ. ജി. മദനന്‍, എ. കെ. ദാമോദരന്‍ എന്നിവരെയാണ് നുണപരിശോധനയ്ക്ക് വിധേയരാക്കുന്നത്. പരിശോധനയ്ക്ക് വിധേയരാകാന്‍ മണിക്കും മറ്റുള്ളവര്‍ക്കും നാളെ നോട്ടീസ് നല്‍കും.

ഈ മാസം 19 ന് ശേഷമായിരിക്കും നുണപരിശോധന നടക്കുക. പത്ത് ദിവസത്തിനുള്ളില്‍ ഹാജരാവാനാണ് നിര്‍ദേശം.

നോട്ടിസ് കൈപ്പറ്റാന്‍ വിസമ്മതിക്കുകയോ പരിശോധനയ്ക്ക് ഹാജരാവാതിരിക്കുകയോ ചെയ്താല്‍ കുറ്റം സമ്മതിക്കുന്നതായി കണക്കാക്കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

1982 നവംബര്‍ 19ന് ഉടുമ്പന്‍ചോല സെക്രട്ടറിയും ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റുമായിരുന്ന അഞ്ചേരി ബേബിയെ വെടിവെച്ചു കൊന്നുവെന്നതാണ് മണിക്കും കൂട്ടര്‍ക്കുമെതിരെയുള്ള കേസ്.

കഴിഞ്ഞ മെയ് 25ന് മണി മണക്കാട് നടത്തിയ പ്രസംഗത്തില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചവരെ പട്ടിക തയ്യാറാക്കി കൊന്നുവെന്ന പരാമര്‍ശമാണ് സംഭവം വീണ്ടും കുത്തിപ്പൊക്കിയത്.

ഇതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം മണിയെ ചോദ്യം ചെയ്‌തെങ്കിലും മുപ്പത് വര്‍ഷം മുമ്പ് നടന്ന കാര്യം ഓര്‍മയില്ലെന്ന നിലപാടിലായിരുന്നു മണി. കൊലപാതകവുമായി ബന്ധപ്പെട്ട് മണിയും സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗം എ. കെ. ദാമോദരനും പരസ്പര വിരുദ്ധമായ മൊഴികളായിരുന്നു നല്‍കിയത്.

കൊല്ലപ്പെട്ട വിവരം ദാമോദരനും ജില്ലാ സെക്രട്ടേറിയറ്റ് മുന്‍ അംഗം ഒ. ജി. മദനനുമൊപ്പം ബോഡിമെട്ടില്‍ വച്ചാണ് അറിഞ്ഞതെന്ന് മണിയും മണി പറയുന്നത് കള്ളമാണെന്ന് ദാമോദരനും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയിരുന്നു.

ഇതോടെയാണ് ഇവരെ നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ തീരുമാനിച്ചത്.  മണക്കാട്ടെ വിവാദപ്രസംഗത്തിന്റെ പേരില്‍ പ്രത്യേക സംഘം നടത്തുന്ന അന്വേഷണം അന്തിമഘട്ടത്തിലാണ്. പ്രസംഗത്തിന്റെ പേരില്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മണി നല്‍കിയ ഹരജിയില്‍ സുപ്രീം കോടതി ഫെബ്രുവരിയില്‍ വിധി പറയും.