ഭോപ്പാല്‍: സെനീക വിചാരണയിലൂടെ ഇന്ത്യന്‍ വ്യോമസേനയില്‍ നിന്നു പുറത്താക്കപ്പെട്ട ആദ്യ വനിതാ ഓഫീസറായ അജ്ജലി ഗുപ്തയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗ്രൂപ് ക്യാപ്റ്റന്‍ അമിത് ഗുപ്തയെ വ്യേമസേന സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

അമിതിന്റെ ഭോപ്പാലിലെ വസതിയില്‍ കഴിഞ്ഞ പതിനൊന്നാം തീയതിയാണ് അജ്ജലിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് കാരണം അമിത് ഗുപ്തയുമായുള്ള പ്രണയ പരാജയമാണെന്ന ബന്ധുക്കളുടെ ആരോപണത്തെ തുടര്‍ന്ന് ഭോപ്പാല്‍ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെയോടെ അറസ്റ്റ് രേഖപ്പെടുത്തിയ അമിതിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇതിനെ തുടര്‍ന്നാണ് വ്യേമസേന സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സ് വിങ് കമാന്‍ഡര്‍ ആര്‍. എസ്. നകില്‍ സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ ഗുപ്ത ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചതായി അറിയിച്ചു.

അമിതും അജ്ജലിയും കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നെന്നും അജ്ജലിയെ വിവാഹം കഴിക്കാമെന്ന് അമിത് പറഞ്ഞിരുന്നെന്നും എന്നാല്‍ ഇക്കാര്യത്തില്‍ നിന്നും അമിത് പിന്നോട്ട് പോയതിനെ തുടര്‍ന്നാണ് അജ്ജലി ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അജ്ജലി എയര്‍ഫോഴ്‌സില്‍ ചേര്‍ന്നപ്പോള്‍ ബല്‍ഗാമില്‍ അവരുടെ സീനിയര്‍ ആയിരുന്നു അമിത്. തുടര്‍ന്ന് ബാംഗ്ലൂര്‍, ദല്‍ഹി, ജമ്മു എന്നിവടങ്ങളില്‍ ഇരുവരും ഒരുമിച്ച ജോലി ചെയ്തിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.

സീനിയര്‍ ഓഫീസര്‍ തന്നെ മാനഭംഗപ്പെടുത്തിയതായി വ്യാജപരാതി നല്‍കിയതിനെതുടര്‍ന്നാണ് സൈനീക വിചാരണയിലൂടെ അജ്ജലിയെ സേനയില്‍ നിന്ന് പുറത്താക്കിയത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ സൈനീക വിചാരണയിലുടെ പുറത്താക്കപ്പെടുന്ന് ആദ്യ വനിതാ ഓഫീസറാണ് അജ്ജലി. 2005ലാണ് സൈനീക വിചാരണയിലൂടെ അവരെ പുറത്താക്കുന്നത്.