കല്‍പ്പറ്റ: വയനാട് അനിത കൊലക്കേസില്‍ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ. ഒന്നാം പ്രതി നാസര്‍, രണ്ടാം പ്രതി എരട്ട ഗഫൂര്‍ എന്നിവര്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. കല്‍പ്പറ്റ സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

Ads By Google

വയനാട് മാനന്തവാടിയില്‍ പാരലല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു അനിതയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്ന കേസിലാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്.

കേസില്‍ ഇരുപ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. കേസിലെ മൂന്നാം പ്രതിയായ മുഹമ്മദ് എന്ന കുഞ്ഞനെ വെറുതെ വിട്ടു. 2011 ഓഗസ്റ്റ് ഇരുപത്തിയൊന്നിനാണ് പടിഞ്ഞാത്തറ പതിമൂന്നാം മൈലില്‍ വിശ്വനാഥന്‍ നായരുടെ മകള്‍ അനിത(20) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.

അനിതയുടെ വീട്ടില്‍ കിണര്‍ നിര്‍മ്മിക്കാനെത്തിയ നാസര്‍ അനിതയോട് പ്രണയം നടിച്ച് വിവാഹം നല്‍കി സുഹൃത്തായ ഗഫൂറിനൊപ്പം ചേര്‍ന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു.

ഓഗസ്റ്റ് ഒമ്പതിന് കാണാതായ അനിതയെ 21 നാണ് അപ്പപ്പാറ വനത്തില്‍ കണ്ടെത്തിയത്. ബലാത്സംഗത്തിന് ശേഷം കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങള്‍ കവരുകയായിരുന്നു.

അബലയായ ഒരു സ്ത്രീയെ ഏറ്റവും ദുര്‍ബലമായി കൊലപ്പെടുത്തിയ പ്രതികള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രതികള്‍ സമൂഹത്തിന് ഭീഷണിയാണെന്നും കരുതിക്കൂട്ടിയുള്ള കൊലപാതകമായിരുന്നു ഇതെന്നും കോടതി വിലയിരുത്തി.

വധശിക്ഷയ്ക്ക് പുറമേ ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ക്ക് തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.