mr-mamuമാമൂക്കോയയുടെ കോഴിക്കോടന്‍ ഭാഷയും നല്ല ചൂടന്‍ തമാശകളും സിനിമയുടെ അതിര്‍ത്തിയും കടന്ന് ആനിമേഷന്‍ ലോകത്തിലേക്ക്. മാസ് ആക്ഷന്‍ പ്ലാന്‍ ഫോര്‍ പ്ലാസ്റ്റിക് പ്രോജക്ട് (മാപ്പ്) പദ്ധതിയുടെ ഭാഗമായൊരുക്കുന്ന ഹ്രസ്വ ആനിമേഷന്‍ ചിത്രത്തിന്റെ ഹൈലറ്റ് ഈ മാമു ടോക്‌സ് ആയിരിക്കും.

മിസ്റ്റര്‍ മാമു എന്ന 45 മിനുട്ട് ദൈര്‍ഘ്യമുള്ള ആനിമേഷന്‍ ചിത്രം കേരളത്തിലും മധ്യേഷ്യയിലും ഉടന്‍ പുറത്തിറങ്ങും. മാമുവിന് ശബ്ദവും നല്‍കുന്നത് മാപ്പിന്റെ ബ്രാന്റ് അംബാസിഡര്‍ കൂടിയായ സാക്ഷാല്‍ മാമു ആയിരിക്കും.

കോഴിക്കോട് ജില്ലാ ഭരണകൂടവും, ബി.എം.ജിയും സംയുക്തമായാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പ്ലാസ്റ്റിക്ക് സാധനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ സംരഭത്തിന് തുടക്കമിട്ടത്.

കോഴിക്കോട് കലക്ടര്‍ പി.ബി സലിം രൂപം കൊടുത്ത മാപ്പ് പദ്ധതിയില്‍ ആകൃഷ്ടരായാണ് ബി.എം.ജി ചിത്രം നിര്‍മ്മിക്കാനെത്തുന്നത്. 30ലക്ഷമാണ് ഈ പ്രൊജക്ടിനായി ഇവര്‍ നീക്കിവയ്ക്കുന്നത്.

ടി.എ റസാഖിന്റേതാണ് തിരക്കഥ. സിഡി രൂപത്തില്‍ മാത്രം പുറത്തിറങ്ങുന്ന ചിത്രം ദ മില്ലെനിയും കാസറ്റ്‌സ് പുറത്തിറക്കും.

മാമുക്കോയെയും അന്തരിച്ച പപ്പുവിനെയും കഥാപാത്രങ്ങളാക്കി ആനിമേഷന്‍ ചിത്രം പുറത്തിറക്കാനായിരുന്നു അദ്യ തീരുമാനം. എന്നാല്‍ തിരക്കഥാ കൃത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പപ്പുവിനെ ഒഴിവാക്കുകയായിരുന്നു.

ചിത്രം തയ്യാറായാല്‍ കേരളത്തിലെ ഒട്ടമിക്ക സ്‌ക്കൂളുകളിലും പ്രദര്‍ശനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.