കൊച്ചി: കാക്കനാട്ട് ഇന്‍ഫോ പാര്‍ക്കിന് സമീപമുള്ള ഐ ടി സ്ഥാപനത്തിലെ ജീവനക്കാരിയായ തെസ്‌നി ബാനു ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റ് ചെയ്തു. മൂന്നാം പ്രതി അനില്‍കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. തൃ്ക്കാക്കര സ്വദേശിയായ ഇയാള്‍ പി.ഡബ്ലു.ഡി കോണ്‍ട്രാക്ടറാണ്.

സംഭവത്തില്‍ സ്വമേധയാ കേസെടുക്കാത്തതിന് തൃക്കാക്കര എ.എസ്.ഐ മോഹന്‍ ദാസിനെ ബുധനാഴ്ച സസ്‌പെന്റ് ചെയ്തിരുന്നു.

ഞായറാഴ്ച രാത്രിയാണ് തെസ്‌നി ബാനുവിനെ ഒരു സംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്. അക്രമികള്‍ ഇവരെ അസഭ്യം പറയുകയും ചെയ്തു. പാലാരിവട്ടത്തെ വനിതാ ഹോസ്റ്റലില്‍ താമസിക്കുന്ന തെസ്‌നി രാത്രി സുഹൃത്തിനൊപ്പം ബൈക്കില്‍ ഓഫീസിലേക്ക് പോവുകയായിരുന്നു. ഇതിനിടെ ഇവര്‍ ഒരു ചായക്കടയില്‍ കയറി. ഇവിടെ വച്ചാണ് ചിലര്‍ ചേര്‍ന്ന് അശ്ലീലഭാഷയില്‍ സംസാരിക്കുകയും പിന്നീട് ആക്രമിക്കുകയും ചെയ്തത്.

സംഭവം വിവാദമായതിനെതുടര്‍ന്ന് മുഖ്യമന്ത്രി ഇടപെട്ട് പോലീസ് നടപടികള്‍ വേഗത്തിലാക്കുകയായിരുന്നു.