മുംബൈ: ഐ.പി.എല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ ഉപദേശകനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അനില്‍ കുംബ്ലെ ചുമതലയേറ്റു.

Ads By Google

ഐ.പി.എല്‍ ആറാം സീസണ്‍ മുതല്‍ കുംബ്ലെ മുംബൈയുടെ മുഖ്യ ഉപദേശകനായി പ്രവര്‍ത്തിക്കും.  ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സില്‍ ഈ സ്ഥാനം വഹിച്ചുവരികയായിരുന്നു അദേഹം.

ഐ.പി.എല്ലിലെ പ്രമുഖ ടീമായ മുംബൈ ഇന്ത്യന്‍സിനൊപ്പം അണിനിരക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് കുംബ്ലെ പറഞ്ഞു. തന്നില്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തം കൃത്യതയോടെ നിര്‍വഹിക്കാനായിരിക്കും ഇനിയുള്ള തന്റെ ശ്രമമെന്നും കുംബ്ലെ പറഞ്ഞു.

ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യക്കു വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റു വീഴ്ത്തിയിട്ടുള്ള ഈ ലെഗ് സ്പിന്നര്‍ ഐസിസി ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാനും കര്‍ണാകട ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുമാണ്.

2009 ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ഐ.പി.എല്‍ ഫൈനലില്‍ എത്തിയപ്പോള്‍ കുംബ്ലെയായിരുന്നു ക്യാപ്റ്റന്‍. അടുത്തവര്‍ഷം ടീമിനെ സെമിഫൈനലിലും എത്തിച്ചു. ടീം അംഗം, ക്യാപ്റ്റന്‍, ഉപദേശകന്‍ എന്നീ നിലകളില്‍ റോയല്‍ ചാലഞ്ചേഴ്‌സില്‍ ഉണ്ടായിരുന്ന കാലം നന്നായി ആസ്വദിച്ചെന്ന് കുംബ്ലെ പറഞ്ഞു.