എഡിറ്റര്‍
എഡിറ്റര്‍
സത്‌നാം സിങ്ങിന്റെ മരണം: അനില്‍ കുമാര്‍ കുറ്റം സമ്മതിച്ചെന്ന് ക്രൈംബ്രാഞ്ച്
എഡിറ്റര്‍
Monday 13th August 2012 1:27pm

തിരുവനന്തപുരം: അമൃതാനന്ദമയി മഠത്തില്‍ അതിക്രമിച്ച് കയറി പോലീസ് പിടിയിലാവുകയും പിന്നീട് കൊല്ലപ്പെടുകയും ചെയ്ത ബീഹാര്‍ സ്വദേശി സത്‌നാം സിങ്ങിന് പേരൂര്‍ക്കട മനോരോഗ ആശുപത്രിയില്‍വെച്ച് ക്രൂരമര്‍ദനം ഏറ്റിരുന്നതായി ക്രൈംബ്രാഞ്ച്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം പറയുന്നത്.

Ads By Google

സത്‌നാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അനില്‍കുമാര്‍ കുറ്റം സമ്മതിച്ചതായും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഗോപകുമാരന്‍ നായരാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സത്‌നാമിനെ താമസിപ്പിച്ച മാനസികാരോഗ്യ കേന്ദ്രത്തിലെ അറ്റന്‍ഡറാണ് അനില്‍ കുമാര്‍. മാനസികാരോഗ്യ കേന്ദ്രത്തില്‍വെച്ചുണ്ടായ അക്രമത്തില്‍ സത്‌നാമിന്റെ ശരീരത്തില്‍ 77 മുറിവുകളേറ്റിട്ടുണ്ട്. കേബിള്‍ വയറുകൊണ്ട് ചുവരിലേക്ക് ചേര്‍ത്തും സത്‌നാമിനെ മര്‍ദിച്ചു. മര്‍ദിക്കാനുപയോഗിച്ച വയര്‍ കണ്ടെത്തിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.

മര്‍ദനമേല്‍ക്കുന്ന ദൃശ്യങ്ങള്‍ പേരൂര്‍ക്കട ആശുപത്രിയിലെ ക്യാമറയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. പേരൂര്‍ക്കട മനോരോഗ ആശുപത്രിയിലെ വാര്‍ഡര്‍ വിവേകാനന്ദനെയും കൊലക്കുറ്റത്തിന് കസ്റ്റഡിയിലെടുത്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡി.എം.ഒ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ആരോഗ്യവകുപ്പ് ഡയറക്ടറുടെ നടപടി. ഒരു ഡ്യൂട്ടി നഴ്‌സിനെയും രണ്ട് വാര്‍ഡര്‍ന്മാരേയും ഒരു അറ്റന്ററേയുമാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.

മാതാ അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് സത്‌നാം സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കൊല്ലം ജില്ലാ ജയിലിലേക്കും പിന്നീട് അവിടുന്ന് പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലേക്കും മാറ്റുകയായിരുന്നു. ഇവിടെ വെച്ച് സ്ത്‌നാം ക്രൂരമര്‍ദനത്തിന് ഇരയാവുകയും ചെയ്തിരുന്നു. തുടര്‍ന്ന് സത്‌നാം മരിക്കുകയായിരുന്നു.

Advertisement