ലോസ് ആഞ്ജലസ്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഹോളിവുഡ് നടി ആഞ്ജലീനാ ജോളിയെ ഐക്യരാഷ്ട്ര അഭയാര്‍ഥി ഏജന്‍സി ആദരിച്ചു. യുനൈറ്റഡ് നാഷന്‍സ് ഹൈകമീഷണര്‍ ഫോര്‍ റെഫ്യൂജീസി(യു.എന്‍.എച്ച്.സി.ആര്‍)ന്റെ ഗുഡ്വില്‍ അംബാസഡറായി ഇവര്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തിലാണിത്. ‘അശരണര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചതിനുള്ള ആദരമാണിത്.

Subscribe Us:

‘കഴിഞ്ഞ വര്‍ഷങ്ങളില്‍ എന്നോടൊപ്പം ചെലവഴിച്ച അഭയാര്‍ഥി കുടുംബങ്ങളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായി. ഒരു നല്ല വ്യക്തിയാവാനും നല്ല അമ്മയാവാനും പഠിച്ചു. അടുത്ത 10 വര്‍ഷമാണ് ഇപ്പോള്‍ മുന്നിലുള്ളത്’ ജനീവയില്‍ നടന്ന യു.എന്‍.എച്ച്.സി.ആറിന്റെ എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ ആഞ്ജലീന പറഞ്ഞു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 30ഓളം രാജ്യങ്ങള്‍ ഇവര്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

‘ ഇന്ന് ആഫ്രിക്കയില്‍ മാത്രം മൂപ്പതുലക്ഷത്തോളം ആളുകള്‍ അടുത്ത നാല് മാസത്തിനുള്ളില്‍ മരണം പ്രതീക്ഷിച്ച് കഴിയുകയാണ്. ഇത് ഒരു തലമുറയുടെ മാനുഷിക പ്രതിസന്ധിയായി വേണം കരുതാന്‍. ഈ വ്യക്തികളുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്ന പ്രവര്‍ത്തനങ്ങളാവണം നമ്മള്‍ അവിടെ ചെയ്യേണ്ടത്. പോഷകാഹാരക്കുറവും, ക്ഷാമവും ദുരിതത്തിലാഴ്ത്തിയിരിക്കുന്ന ഈ ആഫ്രിക്കന്‍ പ്രദേശങ്ങളുടെ വിധി തീരുമാനിക്കേണ്ടത് അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകളും, സര്‍ക്കാരും അന്തര്‍ദേശീയ സംഘടനകളുമാണ്.’ നടി പറഞ്ഞു.