സംവിധായികയായതിന്റെ ത്രില്ലിലാണ് ഹോളിവുഡ് നടി ആഞ്ജലീന ജോളി. ആഞ്ജലീനയുടെ ‘ദ ലാന്റ് ഓഫ് ബ്ലഡ് ആന്റ് ഹണി’യെന്ന ചിത്രത്തിന്റെ പ്രീമയര്‍ കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്. ചിത്രം കണ്ടവരെല്ലാവര്‍ക്കും നല്ല അഭിപ്രായവുമാണ്.

കടുത്ത പ്രതിസന്ധികളില്‍ തരണം ചെയ്താണ് താനീ സിനിമ പൂര്‍ത്തിയാക്കിയതെന്നാണ് നടി പറയുന്നത്. പലഭാഗത്തുനിന്നും ഭീഷണികള്‍ നേരിടേണ്ടിവന്നെന്നും അവര്‍ വെളിപ്പെടുത്തി. ഫെബ്രുവരി 14ന് തന്റെ ചിത്രത്തിന്റെ പ്രീമിയര്‍ പുറത്തിറങ്ങിയശേഷം അഭിനേതാക്കള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും നിരന്തരം ഭീഷണി സന്ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്.

‘ അവര്‍ എനിക്ക് ചില സാധനങ്ങള്‍ അയച്ചു തന്നു. ചില കാര്യങ്ങള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തു.. അണിയറപ്രവര്‍ത്തകര്‍ ഭീഷണിയുണ്ടെന്ന് എന്നോട് ഇതുവരെ പരാതി പരാതിപ്പെട്ടിട്ടില്ല. എന്നാല്‍ അങ്ങനെ സംഭവിക്കുന്നുണ്ടെന്ന് മറ്റ് ആളുകളില്‍ നിന്നും ഞാന്‍ കേട്ടറിഞ്ഞു. ഒരാളുടെ മുറിയുടെ ജനലുകള്‍ തല്ലിത്തകര്‍ത്തു. ചിലരുടെ കാറിനോടാണ് ദേഷ്യം തീര്‍ത്തത്. കുറച്ചുപേരുടെ ഫോണും ഇ-മെയിലും ഹാക്ക് ചെയ്തു. ‘ ജോളി പറഞ്ഞു.

ശാരീരികമായി ഉപദ്രവിക്കുമെന്ന ഭീഷണികള്‍ തന്നെ ഭയപ്പെടുത്തുന്നില്ലെന്ന് ആഞ്ജലീന പറയുന്നു. ഇതുപോലുള്ള ഭീഷണികളില്‍ പലരാജ്യങ്ങളില്‍ നിന്നും തനിക്കെതിരെയുണ്ടായിട്ടുണ്ട്. തുറന്ന് സംസാരിക്കുന്ന ഒരു അമേരിക്കന്‍ സ്ത്രീയ്ക്ക് നേരിടേണ്ടിവരുന്ന എല്ലാ പ്രശ്‌നങ്ങളും അഫ്ഗാനിസ്ഥാനില്‍ നേരിട്ടിട്ടുണ്ട്.

ബാല്‍ക്കന്‍സില്‍ തന്റെ സിനിമ അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുമോയെന്ന ഭയം സംവിധായകയുടെ ഉള്ളിലുണ്ട്. ഈ സിനിമ ആരും ഒരു ഉപകരണമായി ഉപയോഗിക്കുന്നതില്‍ തനിക്ക് താല്‍പര്യമില്ല. പ്രത്യേകിച്ച് തിരഞ്ഞെടുപ്പിന്റെ സമയത്ത്. ആളുകള്‍ ഈ സിനിമ കാണുന്നതിന് മുമ്പ് അതിനെ ലേബല്‍ ചെയ്യാനിടയുണ്ട്. തന്റെ സിനിമ അക്രമത്തിനും ഹിംസയ്ക്കും കാരണമാകുന്നത് സഹിക്കാനാവില്ലെന്നും ആഞ്ജലീന വ്യക്തമാക്കി.

1990ലെ യുദ്ധകാലത്ത് ഒരു സെര്‍ബിയന്‍ പട്ടാളക്കാരനും ബോസ്‌നിയര്‍ സ്ത്രീയും തമ്മിലുണ്ടായിരുന്ന പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഇന്‍ ദ ലാന്റ് ഓഫ് ബ്ലഡ് ആന്റ് ഹണി.

Malayalam News

Kerala News In English