എഡിറ്റര്‍
എഡിറ്റര്‍
ആഞ്ചലാ മെര്‍ക്കലിന് ഇന്ദിരാഗാന്ധി സമാധാന സമ്മാനം
എഡിറ്റര്‍
Wednesday 20th November 2013 12:41am

merkal

ന്യൂദല്‍ഹി: ഇക്കൊല്ലത്തെ ഇന്ദിരാഗാന്ധി സമാധാന പുരസ്‌കാരം ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കലിന്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള അവാര്‍ഡ് നിര്‍ണയസമിതിയാണ് മെര്‍ക്കലിനെ തിരഞ്ഞെടുത്തത്.

സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് യൂറോപ്പിനേയും ലോകത്തിനേയും നയിച്ച നേതൃത്വ മിടുക്കും ജര്‍മനിയുടെ സാമ്പത്തികവളര്‍ച്ചയ്ക്ക് നല്കിയ സംഭാവനയും പരിഗണിച്ചാണ് മെര്‍ക്കലിന് പുരസ്‌കാരം നല്കുന്നതെന്ന് ഇന്ദിരാഗാന്ധി സ്മാരക ട്രസ്റ്റ് അറിയിച്ചു.

25 ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങിയതാണ് പുരസ്‌കാരം. ജര്‍മനിയുടെ ചാന്‍സലറാകുന്ന ആദ്യ വനിതയാണ് അമ്പത്തിയൊമ്പതുകാരിയായ മെര്‍ക്കല്‍.

വിശ്വശാന്തിക്കും നിരായുധീകരണത്തിനും അവര്‍ കാട്ടിയ പ്രതിബദ്ധതയും ഇന്ത്യയും മറ്റ് വികസ്വര രാജ്യങ്ങളുമായി ഉത്പാദനപരവും പരസ്പര പ്രയോജനമുള്ളതുമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും നല്കിയ നേതൃത്വവും മികച്ചതാണെന്ന്് ഇന്ദിരാഗാന്ധി സ്മാരക ട്രസ്റ്റ് വിലയിരുത്തി.

2011ല്‍ രാജ്യം സന്ദര്‍ശിച്ച മെര്‍ക്കല്‍ ഇന്ത്യയുമായി ശക്തമായ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനെ പിന്തുണയ്ക്കുന്നയാളാണ്. ഇന്ത്യാ സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനൊപ്പം അവര്‍ നടത്തിയ പ്രഖ്യാപനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി.

Advertisement