ന്യൂദല്‍ഹി:ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍കല്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ സന്ദര്‍ശിച്ചു. അന്താരാഷ്ട്രധാരണയ്ക്കുള്ള നെഹ്രു അവാര്‍ഡു സ്വീകരിക്കാന്‍ ദല്‍ഹിയിലെത്തിയ  ആഞ്ജല പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴചയ്ക്കു ശേഷം ശാസ്ത്രസാങ്കേതിക രംഗത്ത് ജര്‍മനിയുമായുള്ള സഹകരണത്തിനായി നാലു കരാറുകളില്‍ ഒപ്പിട്ടു.

മെഡിക്കല്‍ ഗവേഷണം, സാങ്കേതികരംഗം, തൊഴിലധിഷ്ടിത വിദ്യാഭ്യാസം, ശാസ്ത്രരംഗം എന്നീ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താനാണ് കരാറുകളൊപ്പിട്ടത്. ശേഷം പ്രധാനമന്ത്രിയും മെര്‍ക്കലും ചേര്‍ന്ന് വാര്‍ത്താസമ്മേളനവും നടത്തി.

അന്താരാഷ്ട്രതലത്തില്‍ ജര്‍മനിയും ഇന്ത്യയും മികച്ച സഹകരണമാണ് പുലര്‍ത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സുസ്ഥിരമായ അഫ്ഗാനിസ്ഥാന്‍ കെട്ടിപ്പടുക്കുന്നതില്‍ ഇരുരാജ്യങ്ങള്‍ക്കും ഒരേ അഭിപ്രായമാണുള്ളതെന്നും യു.എന്‍ രക്ഷാസമിതിയുടെ പുന:സംഘടനാ നടപടികള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും ഇരുവരും വ്യക്തമാക്കി.