എഡിറ്റര്‍
എഡിറ്റര്‍
ദിലീപിന്റെ ഒരു ചിത്രവും തൃശൂരില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന വാശിയായിരുന്നു അവര്‍ക്ക് : കാണികള്‍ കുറഞ്ഞിട്ടും അങ്കമാലി തന്നെ തുടരണമെന്ന് വിജയ് ബാബു വാശിപിടിച്ചു; ആരോപണവുമായി ഗിരിജ തിയേറ്റര്‍ ഉടമ
എഡിറ്റര്‍
Wednesday 29th March 2017 1:43pm

തൃശൂര്‍:അങ്കമാലി ഡയറീസിന്റെ നിര്‍മാതാവായ വിജയ് ബാബുവിനും വിതരണക്കാര്‍ക്കുമെതിരെ ആഞ്ഞടിച്ച് ഗിരിജ തിയ്യേറ്റര്‍ ഉടമ ഡോ. കെ.പി ഗിരിജ.

അങ്കമാലി ഡയറീസ് ചിത്രം തിയേറ്ററില്‍ നിന്നും മാറ്റാതിരിക്കാന്‍ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ബംഗാളികള്‍ക്ക് ടിക്കറ്റുകള്‍ സൗജന്യമായി നല്‍കി തിയേറ്ററില്‍ കയറ്റുകയായിരുന്നെന്നും ഗിരിജ ആരോപിക്കുന്നു.

ആളുകുറഞ്ഞ ചിത്രം തുടര്‍ന്നും പ്രദര്‍ശിപ്പിക്കാന്‍ ബംഗാളികള്‍ക്ക് സൗജന്യമായി ടിക്കറ്റ് കൊടുത്ത് കയറ്റുകയും ചിത്രം മാറ്റാതിരിക്കാന്‍ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഡോ. ഗിരിജ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.

ദിലീപ് ചിത്രം ജോര്‍ജേട്ടന്‍സ് പൂരം ഇറങ്ങുന്നതു വരെ അങ്കമാലി ഡയറീസ് പ്രദര്‍ശിപ്പിക്കാമെന്നായിരുന്നു ധാരണ. ഗിരിജ തീയറ്ററില്‍ ചിത്രം മുടങ്ങാതെ പ്രദര്‍ശിപ്പിച്ചപ്പോള്‍ രണ്ട് സ്‌ക്രീനുള്ള മറ്റേ തീയറ്റര്‍ അവ മാറ്റിമാറ്റി പ്രദര്‍ശിപ്പിക്കുകയും വൈകാതെ പ്രദര്‍ശനം അവസാനിപ്പിക്കുകയും ചെയ്തു.

തുടക്കത്തില്‍ നല്ല തിരക്കുണ്ടായിരുന്ന ചിത്രത്തിന് പിന്നീട് സ്വാഭാവികമായും കാണികള്‍ കുറഞ്ഞു. കുറച്ചു ദിവസം മുന്‍പ് നിര്‍മാതാവ് വിജയ് ബാബുവിന്റെ സഹോദരന്‍ വിനയ് ബാബുവും വിതരണക്കാരും എന്നെ കാണാന്‍ വന്നു. ചിത്രം നാല് ഷോകളോടെ തന്നെ കളിപ്പിക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. എന്നാല്‍, ജോര്‍ജേട്ടന്‍സ് പൂരത്തിന് അഡ്വാന്‍സ് കൊടുത്ത കാര്യം പറഞ്ഞപ്പോള്‍ അങ്കമാലി തന്നെ തുടരണം എന്ന പിടിവാശി അവര്‍ തുടര്‍ന്നു.

പിന്നീട് രണ്ട് ഷോ വച്ച് മാറിമാറി പ്രദര്‍ശിപ്പിക്കാമെന്ന് പറഞ്ഞിട്ടും അവര്‍ വഴങ്ങാന്‍ കൂട്ടാക്കിയില്ല. ഇവര്‍ മടങ്ങിയതിനുശേഷം തീയറ്ററില്‍ അന്യ സംസ്ഥാനക്കാരുടെ തള്ളിക്കയറ്റമായിരുന്നു തീയറ്ററില്‍. എല്ലാവരും എത്തിയത് സൗജന്യ ടിക്കറ്റുമായാണ്. ഫ്രൈഡേ ഫിലിംസ് തന്നെ മുന്‍കൈയെടുത്താണ് ഇവര്‍ക്ക് ടിക്കറ്റ് നല്‍കിയതെന്ന് വ്യക്തമായിരുന്നു.

സൗജന്യ ടിക്കറ്റ് ലഭിക്കുമെന്ന് പറഞ്ഞ് ചിലര്‍ ഫോണ്‍ നമ്പര്‍ സഹിതം ഫെയ്സ്ബുക്കില്‍ പോസ്റ്റിടുക വരെ ചെയ്തിട്ടുണ്ട്. ചിലര്‍ക്ക് സിനിമ കാണേണ്ട. ടിക്കറ്റിന്റെ ഫോട്ടോ മാത്രം മതി. അത് കൊടുത്താല്‍ കാശ് കിട്ടുമെന്നാണ് പറഞ്ഞത്. തീയറ്ററില്‍ കയറിയവരാവട്ടെ ബഹളം വയ്ക്കുകയും ജീവനക്കാരെ കൈയേറ്റം ചെയ്യുകയും ചെയ്തു.


Dont Miss ‘ആള്‍ക്കൂട്ടമെത്തിയത് തോക്കുകളുള്‍പ്പെടെയുള്ള ആയുധങ്ങളുമായി; പൊലീസ് എത്തിയെങ്കിലും അവരെ തടയാന്‍ ശ്രമിച്ചില്ല’ ആരോപണവുമായി ഗുജറാത്ത് കലാപത്തിലെ ഇരകള്‍ 


ചിലര്‍ കിടന്ന് ഉറങ്ങുകയുമായിരുന്നു. ഇവരുടെ ബഹളം കാരണം പിന്നീട് കുടുംബങ്ങള്‍ ചിത്രത്തിന് വരാതായി. ഇതിനെ തുടര്‍ന്നാണ് ഗേറ്റ് പൂട്ടിയിട്ടത്. ഞാന്‍ ചിത്രം ഹോള്‍ഡ് ഓവര്‍ ആക്കാന്‍ ശ്രമിക്കുകയായിരുന്നില്ല. ഹോള്‍ഡ് ഓവര്‍ ആയാലും അമ്പത് ശതമാനം വിഹിതം നല്‍കുന്നയാളാണ് ഞാന്‍.

ദിലീപ് ഫാന്‍സ് അസോസിയേഷനില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു വ്യക്തിയും മറ്റൊരു തീയറ്റര്‍ ഉടമയും ചേര്‍ന്നാണ് ഇപ്പോള്‍ എനിക്കെതിരെ ചരടുവലി നടത്തുന്നത്. ദിലീപിന്റെ ഒരു ചിത്രവും തൃശൂരില്‍ പ്രദര്‍ശിപ്പിക്കരുതെന്ന വാശിയാണ് അയാള്‍ക്ക്. ഇതിന് എന്നെ കരുവാക്കുകയാണ്. അങ്കമാലി ഡയറീസ് തുടര്‍ന്നും പ്രദര്‍ശിപ്പിച്ചാല്‍ ദിലീപിന്റെ ജോര്‍ജേട്ടന്‍സ് പൂരം പ്രദര്‍ശിപ്പിക്കാനാവില്ല. അതുകഴിഞ്ഞ് ഞാന്‍ പ്രദര്‍ശിപ്പിക്കേണ്ടത് ബാഹുബലി 2 ആണ്. അങ്കമാലി തുടര്‍ന്നാല്‍ ഇതെല്ലാം താളംതെറ്റും-ഡോ. ഗിരിജ പറഞ്ഞു.

അതേസമയം തീയറ്ററില്‍ ആളില്ലെന്ന് കാണിച്ച് അങ്കമാലി ഡയറീസിനെ ഒതുക്കാനും ഷോ മുടക്കാനും ഗിരിജ തിയേറ്ററിന്റെ ഉടമകള്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ് നിര്‍മാതാവ് വിജയ് ബാബു, സാന്ദ്ര തോമസ്, നടന്‍ രൂപേഷ് പീതാംബരന്‍ എന്നിവരും ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിട്ടുണ്ട്.

Advertisement