aneesh joseph- mambazha maduramulla varthakal

കഥ/ അനീഷ് ജോസഫ്

aneesh joseph- mambazha maduramulla varthakalഇന്‍ട്രോ അഥവാ ലീഡ്: ‘ആഗോളീകരണ കാലത്ത്, മാമ്പഴ മധുരമുള്ള ഉത്പന്നമാണ് വാര്‍ത്ത.’ ന്യൂസ് എഡിറ്ററും മുന്‍ കായികതാരവുമായിരുന്ന ഡെറോത്തി പതിവു മീറ്റിംഗില്‍ പുലമ്പി. ന്യൂസ് റൂമിന്റെ വലതുഭാഗത്തെ മീറ്റിംഗ്ഹാളിലെ എ സിയുടെ തണുപ്പില്‍ അവര്‍ ചികഞ്ഞു (ഓഫീസില്‍ എല്ലാവരും അവരെ കോഴി എന്നാണ് വിളിച്ചിരുന്നത്.) വാര്‍ത്തകള്‍ ചികഞ്ഞെടുക്കുന്ന കോഴി.

ഒരു പെണ്‍കുട്ടിയുടെ കഥ, ഒരു  മാവിന്റെയും

ആസ്പത്രിയിലെ 505ാം നമ്പര്‍ മുറി. നിശബ്ദത തളംകെട്ടിക്കിടക്കുന്ന പുല്‍മൈതാനം. നാലാം നില വരെ ഭൂമിക്കു മുകളിലേക്കും, താഴേക്ക് ഇരു നിലകളും. ഇതിനിടയിലായിരിക്കണം ആ മാവ് വളര്‍ന്നു നില്ക്കുന്നത്. ഭൂഗര്‍ഭത്തിലെ രോഗികളുടെ ശ്വാസങ്ങള്‍ക്കുമപ്പുറം മാവിന്റെ വേരുകള്‍. നൊമ്പരങ്ങളുടെ ആകാശം സ്വപ്നംകാണുന്ന മാവ്.

വീട്ടുവളപ്പിലെ മാവിന്‍ ചുവട്ടില്‍ കുട്ടിക്കാലത്ത്, പുതുമഴ നനഞ്ഞു കിടക്കുന്ന പറമ്പ്. തെരേസ, മാര്‍ഗരറ്റ്, മറിയ, ഗീവര്‍ഗീസ് എല്ലാവരും ഉറക്കമുണര്‍ന്ന് മാവിന്റെ ചുവട്ടിലേക്ക്. വീടിന്റെ പിറകിലെ കാപ്പിച്ചെടികള്‍ക്കിടയിലൂടെ എളുപ്പവഴിയിലൂടെ ഓടും. പടര്‍ന്നു പന്തലിച്ച് ആകാശക്കാഴ്ചകളെ മറയ്ക്കുന്ന വലിയ മാവിന്റെ വിസ്തൃതികളില്‍ നിന്ന് മാമ്പഴങ്ങള്‍ പെറുക്കും. പാവാടത്തുമ്പില്‍ നിറയെ മാമ്പഴം പേറിനില്ക്കും. ഏറ്റവും ഇളയവന്‍ ഗീവര്‍ഗീസും അവന്റെ മുകളിലുള്ള മാര്‍ഗരറ്റും കൈനീട്ടി കരയും. അവരുടെ കണ്ണീരിനുമുമ്പില്‍ മാമ്പഴ മധുരം ഒലിച്ചിറങ്ങും. പാവാടത്തുമ്പിലെ എല്ലാം അവര്‍ക്കു വീതിക്കും.

ഒന്നും കിട്ടാതെ മടങ്ങുമ്പോള്‍ കൈകള്‍ മണത്തുനോക്കും. അവര്‍ ആര്‍ത്തിയോടെ മാമ്പഴം തിന്നുന്നതു കാണുമ്പോള്‍ ഒരു സുഖം. ഒരു മാവായി മാറുന്നതായി തോന്നും. അപ്പോള്‍ മാങ്ങാണ്ടിക്ക് കൂട്ടുപോകുന്ന ബാല്യം; പൊട്ടിച്ചിരി, കരച്ചില്‍. സ്‌നേഹത്തിന്റെ മഴ തീരുമ്പോള്‍ വേനല്‍ വരുന്നു. നിലാവും മഞ്ഞും നിറയുന്ന കാലത്തിന്റെ ഇടനാഴിയില്‍ രണ്ടുപേര്‍ തമ്മില്‍ പരസ്പരം ഹൃദയം തീറെഴുതുന്നതാണ് സ്‌നേഹമെന്ന് നിര്‍വചിച്ചു.

ഇടയ്ക്ക് മുറിയിലെ ക്ലോക്ക് ചിലച്ചു. പേരോര്‍മയില്ലാത്ത ഒരു പക്ഷിയുടെ കരച്ചില്‍. സ്വയം ചിലപ്പോള്‍ ഇരുട്ടുപിടിച്ച ഗുഹപോലെയും മറ്റു ചിലപ്പോള്‍ കണ്ണീരു മണക്കുന്ന തലയിണ പോലെയുമാണെന്നു തോന്നി. വരും രാത്രിയുടെ സഞ്ചാരികള്‍.

aneesh joseph- mambazha maduramulla varthakalഡോക്ടര്‍ പരമശിവം ഓടിക്കിതച്ചു വന്നു. അയാളുടെ കൈകളില്‍ പിടിച്ച് മുമ്പ് എപ്പോഴുമെന്നപോലെ ഒരുപാടു സംശയങ്ങള്‍ ചോദിക്കണം. നരച്ച തലമുടികള്‍ക്കു താഴെ ജീവസുറ്റ കണ്ണുകള്‍. അലസമായ വസ്ത്രധാരണം. ഷൂസിന്റെ വള്ളികള്‍ ഒരിഴജന്തുവിനെപ്പോലെ അയാളെ വലിച്ചിഴച്ച് കൊണ്ടുപോകുന്നു. ചിലപ്പോള്‍ ഒരു കുഞ്ഞിനെപ്പോലെയും.

രാത്രി, വല്ലാതെ വിശന്നു കരയുന്ന തെരുവുനായ. തണുത്ത് വിറങ്ങലിച്ച ആകാശം. ഗര്‍ഭിണിയായ സ്ത്രീയെപ്പോലെ. ഡോക്ടര്‍ പരമശിവം തടിയന്‍ കണ്ണട മൂക്കിലേക്ക് വലിച്ചു കയറ്റിവെച്ചു. എന്നിട്ട് വെറ്റിലക്കറ പിടിച്ച പല്ലുകള്‍ കാണിച്ച് ചിരിച്ചു. മുമ്പ് നഗരത്തിലെ നടപ്പാതയില്‍ എവിടെയോ കണ്ട ഭ്രാന്തന്റെ ചിരി.

‘മോള് പേടിക്കാണ്ടട്ടോ. എല്ലാം ശരിയാകും.’ ഒരിഴപൊട്ടിയ തുണിക്കീറ്. സഹതാപത്തിന്റെ ഇല ചവച്ചരച്ച് തിന്നുന്ന പുഴു. സ്‌നേഹമാണ് ആ ഇല. മഴ വീഴുമ്പോള്‍ താഴ്ന്ന്, വെയില്‍ കനക്കുമ്പോള്‍ വാടി, നിലാവു പൊഴിയുമ്പോള്‍ നിവര്‍ന്ന് ഒരില. ബോട്ടണി ലാബിന്റെ ഇടനാഴിയില്‍ ഒരുപാടു ചെടികളുടെ ഹെര്‍േബറിയം. പച്ചഞരമ്പു പതിഞ്ഞുകിടക്കുന്ന നോട്ട്ബുക്ക്. മയില്‍പ്പീലിയുടെ പെറ്റുപെരുകിയ കണ്ണ്. കണ്‍മഷി പടര്‍ന്ന പുസ്തകത്താളുകള്‍. സ്വപ്നങ്ങളുടെ വലിയ ബ്ലാക്ക് ബോര്‍ഡുകളില്‍ നിറഞ്ഞുനില്ക്കുന്ന ക്ലാസ് മുറി. ചോക്കുപൊടി വീണുകിടക്കുന്ന തറയില്‍ ഉടഞ്ഞുവീണ കരിവളത്തുണ്ടു കള്‍. പുറത്ത് മഴ കനക്കുമ്പോള്‍ മുറുകുന്ന മുദ്രാവാക്യം. ക്ലാസ്മുറിയിലെ ചതുരപ്പെട്ടിയില്‍ കിരുകിരുത്ത മണിമുഴക്കം. പുസ്തകസഞ്ചിയുമെടുത്ത് ഓടിപ്പോകുന്ന ബാല്യം ഓര്‍മിച്ച്, മഴനനയാതെ ബോട്ടണിലാബിനു പുറത്ത് കാത്തുനില്പ്.

മുമ്പ് മഴ ആവേശമായിരുന്നു. കനത്തു പെയ്യുന്ന മഴയിലൂടെ ഒരോട്ടം. വയല്‍വരമ്പ് ചളിപുതഞ്ഞ്, കുന്ന്മണ്ണിന്റെ കനംവെച്ച മുഖം. നഗ്‌നപാദവുമായി വയ്യ. മാഞ്ചുവട്ടില്‍ അഭയം. എത്രയോ കാലം മുമ്പാണത്.

‘റീത്ത റോബര്‍ട്ട് പോണില്ലേ? ഗെയ്റ്റടയ്ക്കണം.’ ഫാ. ഗബ്രിയേല്‍. മഴ വകവെക്കാതെ ഇറങ്ങി. ബോട്ടണി ലാബ് സസ്യശാസ്ത്രത്തിന്റെ പച്ചനിറഞ്ഞ പൂന്തോട്ടത്തിലെ തൊട്ടാവാടി പടര്‍പ്പിനു മുകളിലൂടെ ഓടിക്കിതച്ച് റോഡിലേക്ക് കയറുന്ന വഴുവഴുക്കന്‍ പാത. ഒരു വീഴ്ച. കണ്ണിറുക്കി, ചുണ്ടു വിറപ്പിച്ച് ഒരു ഞരക്കം.

ഓര്‍മ ഒരിലപോലെ മൂടി. നീണ്ടുണര്‍ന്നുപോയ ഒരു രാത്രി. ആംബുലന്‍സിന്റെ ഇരമ്പല്‍. മരുന്നിന്റെ മണം. തണുത്ത ലോഹനിറം ത്വക്കിലൂടെ ഉറുമ്പിന്റെ സ്‌നേഹത്തോടെ കയറുന്നു. വെളുത്ത സ്വപ്നം നിറച്ച ചിരിയുമായി പേരറിയാത്ത മാലാഖമാര്‍. ഡോക്ടര്‍ പരമശിവം വന്നു കണ്‍പീലികള്‍ വലിച്ചുനോക്കി. അയാളുടെ കണ്ണുകളില്‍ അവന്റെ ചിരി നിറഞ്ഞു.

കുന്നിനുതാഴെ വീട്ടിലേക്കുള്ള വഴി തുടങ്ങുന്നിടത്ത്, അപ്പന്‍ കാത്തുനില്ക്കും, ഏറെനേരം. ഒടുവില്‍ കാണുമ്പോള്‍ പിണങ്ങി ഒരു നടത്തം. തെരേസയും മാര്‍ഗരറ്റും മറിയവും വര്‍ഗീസും. എല്ലാവരെയും അവന് ഇഷ്ടമാണ്. എന്നാല്‍ കൂടുതല്‍ ഇഷ്ടം മാര്‍ഗരറ്റ്, ചിലപ്പോള്‍ പൊട്ടിവീണ വാശികള്‍ നിറച്ച് ചിണുങ്ങും. അവള്‍ തൊട്ടാവാടിപ്പൂവ്. ഒരാകാശം നിറയെ സ്‌നേഹവും ഭൂമിനിറയെ കണ്ണീരുമാണ് അവള്‍ ചുമക്കുന്നത്. തെരേസയും മറിയവും ചേച്ചിമാര്‍. അബോധത്തിന്റെ ആരവങ്ങളില്‍ ഒരിറ്റ് വാക്ക് പൊട്ടിവീഴുന്നതു കേള്‍ക്കാം. ‘നാളെ ഓപ്പറേഷന്‍..’

ഡോക്ടര്‍ പരമശിവം അപ്പന്റെ കിതപ്പോടെ നെറ്റിയില്‍ തലോടി. ഒരുപാടു കാട്ടുചെടികള്‍ വളര്‍ന്നുനില്ക്കുന്ന കുന്നിനുതാഴെ തോട്ടുവരമ്പില്‍ നിന്ന് വയല്‍ച്ചെളിയുടെ മണം. കൈതക്കാടുകള്‍ക്കപ്പുറം കുളക്കോഴിയുടെ ഞരക്കം. ആരൊക്കെയോ ചുറ്റുംനിന്നു. സഹതാപം ഒലിച്ചിറങ്ങുന്ന കണ്ണുകള്‍. വീട്ടില്‍ നിന്ന് ആരാണ്. അപ്പന്‍ മരിച്ചതില്‍ പിന്നെ എല്ലാ കാര്യവും നോക്കുന്ന തെരേസച്ചേച്ചി. പിന്നെ ഗീവര്‍ഗീസ്. ഒരുപാടുപേര്‍.

എല്ലാ ബന്ധങ്ങള്‍ക്കും മേല്‍ പൊങ്ങുതടി പോലെ പാതിരാവിന്റെ കനത്ത വഴികളിലേക്കു നടന്നുപോകുന്നു. പതിയെ നിറഞ്ഞ വെളിച്ചത്തില്‍ ബോധം നഷ്ടപ്പെട്ട് ഒറ്റയ്ക്ക് . പച്ചമാംസത്തില്‍ കഴുകന്‍ ചുമര്‍ത്തുന്ന ആര്‍ത്തിയോടെ കത്രികകള്‍ മുരടനക്കുന്നു. മനസ്സ് കൊത്തിയെടുക്കുന്ന പക്ഷി. എത്രയോ ദിവസങ്ങളായി ഒരു കിടപ്പില്‍. പച്ചമാംസത്തില്‍ കീറിയെടുത്തുപോയ ഓര്‍മകള്‍. ജീവിതത്തിന്റെ തുറസായ മരുഭൂമി.

ഒന്നാമത്തെ ഓപ്പറേഷന്‍ കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ പരമശിവം വന്നു. ഇറുകിയ കണ്ണുകളിലേക്ക് നരബാധിച്ച കണ്ണടകള്‍ വലിച്ചുകയറ്റി ആശുപത്രിയുടെ ഇടനാഴിയിലൂടെ ഓടി പുറത്തെ മാവിന്‍ ചുവട്ടിലേക്ക്. രാത്രി ഇന്റര്‍നെറ്റിലേക്ക് ഊളിയിട്ടു. കണ്ണിന് നീരുവെച്ചു. മനുഷ്യശരീരത്തിന് മാമ്പഴത്തിന്റെ മണമുണ്ടാകുമോ? അയാള്‍ ചോദിച്ചു.

aneesh joseph- mambazha maduramulla varthakalഓര്‍മയില്ലാത്ത ബാല്യത്തിലേക്ക് കിതച്ചുകൊണ്ട് വേട്ടമൃഗത്തിന്റെ പിന്നാലെ ഓടുന്ന ഇര. കാലം തിരിച്ചു നടക്കുന്നു. ചില ചോദ്യങ്ങള്‍ മനസ്സില്‍ വീര്‍ത്തുകെട്ടി കിടക്കും. നൊമ്പരങ്ങളുടെ വലിയ കുന്നിറങ്ങി പോകും. ഭൂതകാലം പോലെ. എപ്പോഴും ശബ്ദമുറഞ്ഞുപോയ മഞ്ഞുകട്ട. ശബ്ദങ്ങളുടെ ചിതലരിച്ച പുസ്തകം. അഭിനയത്തിന്റെ ഒന്നാംപാഠം നിറച്ച മുഖവുമായി ഒരാള്‍. പിന്നെ മറ്റൊരാള്‍. അതുകഴിഞ്ഞ് വേറൊരാള്‍. ആളുകള്‍ നടന്മാരാകുന്നു.

നടക്കാനായെങ്കില്‍ ഒരിക്കല്‍ക്കൂടി സെന്റ് ആന്റണീസ് പള്ളിയുടെ ഇടതുഭാഗത്തെ കോളെജ് ഗെയ്റ്റുകടന്ന് അപ്പന് ഏറെ ഇഷ്ടപ്പെട്ട പച്ചപ്പുള്ളിയുള്ള പാവാടയും ഇളം റോസു നിറമുള്ള ബ്ലൗസും അണിഞ്ഞ്. ആരവങ്ങള്‍ക്കപ്പുറം കോളെജിലെ ട്രാക്കില്‍ മഴയുടെ നനവ്. മണ്ണിന് മഴമണം. ചെരിപ്പിടാത്ത കാലുകളില്‍ വെള്ളാരംകല്ലുകളുടെ ചുംബനം. കുമിള പൊട്ടി ഒലിച്ചിറങ്ങുന്ന വേദന. മൈതാനത്തെ പുല്ലില്‍ കിടന്നു.

തണുത്ത കാറ്റ്. ചിറകൊടിഞ്ഞ പക്ഷി. പറക്കലിന്റെ നേരിയ നീറ്റല്‍. കായികാധ്യാപകന്‍ ഫ്രാന്‍സിസ് ഇട്ടിയവിര വന്നു. ‘നന്നായി. നിന്റെ ഏറ്റവും ബെസ്റ്റ് ഇന്നായിരുന്നു.’ അയാള്‍ സിഗരറ്റ് കറപിടിച്ച ചുണ്ടു കളില്‍ ചിരിയുടെ പുകയൂതി. ഒന്നെഴുന്നേല്‍ക്കാന്‍ ആകാശം നിറഞ്ഞ് ഒരു നിലാത്തുണ്ടു പോലെ. ‘എണീക്ക് മോളേ’ ഫ്രാന്‍സിസ് ഇട്ടിയവിരയുടെ ശബ്ദം വിറച്ചു. പഴകിയ കോളാമ്പി മൈക്ക് ഭൂമിയോടു പറ്റിക്കിടന്നു. പുതുമഴയുടെ തണുപ്പ്. വേഗം എഴുന്നേല്ക്ക്. കണ്ണു നിറഞ്ഞു. ഇടവപ്പാതി നനഞ്ഞൊഴുകി. ആരൊക്കെയോ വന്ന് വാരിയെടുക്കുന്നു. അവസാനത്തെ ഓട്ടമായിരുന്നു.

ചുമരിലെ ചിലന്തിവല മുറുകുന്നു. ഒരിരയുടെ ഞരക്കംപോലും കേള്‍ക്കാതെ വേദനയുടെ തുടക്കം. ഓരോരുത്തരായി വന്നു. മാര്‍ഗരറ്റ്, ഗീവര്‍ഗീസ്… ഉറക്കം ഇറ്റുവീണ പകലിന്റെ മുറ്റം. രാവിലെ പത്രങ്ങളില്‍ ഒന്നാം പേജില്‍ ചിത്രമുണ്ടായിരുന്നു. ആരവങ്ങളിലൂടെ ഓടിപ്പോകുന്ന പക്ഷി. നീ കാലുകളില്‍ സ്വര്‍ണച്ചിറകുള്ള പക്ഷി. വാക്കുകളുടെ മഹായാത്രകള്‍. ആശുപത്രിയിലായപ്പോള്‍ ഓര്‍മകള്‍ ഇല്ലാതാകുന്നു.

ഒടുവില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം തിരിച്ചറിവ്. ഒരു കൈത്താങ്ങ്, ഒരിറ്റ് വെള്ളം, ഒരടി നടത്തം. ഓരോരുത്തരെ വിളിക്കണം. വേവലാതി കൂട്ടിക്കെട്ടിയ ആകാശം; വയ്യ. എല്ലാവര്‍ക്കും തിരക്ക്. ഒരുദിവസം കൂടി കഴിഞ്ഞാല്‍ വീട്ടിലേക്കു മടങ്ങാം. ഡോക്ടര്‍ പരമശിവം ചിരി വിടര്‍ത്തി. ഏകാന്തതയുടെ ഭൂമിയോളം താഴ്ന്ന വേരുകള്‍. ‘വേണ്ട ഡോക്ടര്‍, എനിക്കു പോകണ്ട. പഴയൊരു ചിറകിന്റെ തണല്‍ മാത്രം മതി.’

വാര്‍ത്ത സമാപിക്കുന്നു

ഡോക്ടര്‍ പരമശിവം ചിരിച്ചു. അനസ്‌തേഷ്യയുടെ ഇരു സ്വപ്നങ്ങളില്‍ അയാളുടെ ചിരി കേട്ടു. പുരാണങ്ങളില്‍ കേട്ട കഥപോലെ മരം പെയ്തു. മാവ് കാലുകള്‍ വേരുകളാകുന്നു. കൈകള്‍ ശിഖരങ്ങളും. ഡോക്ടര്‍ പരമശിവം അത്ഭുതത്തോടെ ഓരോ ദിവസവും അത് തിരിച്ചറിഞ്ഞു. മനുഷ്യന്‍ മരമായി മാറുന്നു. അയാള്‍ക്ക് നിലവിളിക്കണമെന്നു തോന്നി.

ഓപ്പറേഷന്‍ തിയേറ്ററിലെ വെളിച്ചത്തില്‍ ഒരു മാവ് ഡിസംബറിന്റെ വേനല്‍ച്ചില്ലയില്‍ പൂത്തുനില്ക്കുന്നു. ഡോക്ടര്‍ ആ രാത്രിയിലും കിടപ്പുമുറിയിലെ കംപ്യൂട്ടറില്‍ പരതി. ആധുനിക വൈദ്യശാസ്ത്രത്തിന് തിരിച്ചറിയാന്‍ പറ്റാത്ത നിരവധി ചോദ്യങ്ങള്‍ നിരത്തി. ഉറക്കം പീളകെട്ടിയ കണ്ണുകളുമായി അയാള്‍ എത്തി. കൈകളില്‍ പിടിച്ച് എന്നത്തെയും പോലെ സംശയം ചോദിക്കാനാഞ്ഞു.

അയാള്‍ നിലവിളിച്ചു; മാവിന്റെ ശിഖരം സ്പര്‍ശിച്ചതുപോലെ. മാമ്പഴ മണം പരന്ന ആസ്പത്രിമുറി. പുറത്ത് ടി വി ചാനലുകാരും പത്രക്കാരും നിരന്നു. മാവായി മാറിയ പെണ്‍കുട്ടിയെക്കുറിച്ച് വാര്‍ത്തകള്‍ ഉത്പാദിപ്പിച്ചുകൊണ്ടേയിരുന്നു. അപ്പോള്‍ മാമ്പഴം എല്ലാവര്‍ക്കും പകുത്തുനല്കിയ വലിയ മാവ് പുതുമഴയിലേക്ക് വേരുകളാഴ്ത്തി. കാറ്റിലുലഞ്ഞു. ഒരു മാമ്പഴം പതിയെ പതിയെ ഭൂമിയില്‍ പതിച്ചു. ആശുപത്രിയിലും ന്യൂസ്‌റൂമിലും ഒരേ സമയം ഇടിവെട്ടി മഴപെയ്തു. വൈദ്യുതിബന്ധം വിച്ഛേദിച്ചും സര്‍വത്ര ഇരുട്ടിലേക്ക്. ആഗോളീകരണകാലത്തെ ആ വാര്‍ത്ത പിറന്നു; മാമ്പഴം പോലെ.

( കഥാകൃത്തിന്റെ ഇ മെയില്‍ വിലാസം  <aneeshvayal@gmail.com >   ഫോണ്‍:  +91 9495456908 )


വര/ മജിനി തിരുവങ്ങൂര്‍