എഡിറ്റര്‍
എഡിറ്റര്‍
അനീഷിന്റെ മരണം വീണ്ടും അപമാനിക്കപ്പെട്ടതിനാലെന്ന് പൊലീസ്; കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബന്ധുക്കള്‍
എഡിറ്റര്‍
Friday 24th February 2017 9:42am

പാലക്കാട്: അഴീക്കല്‍ ബീച്ചില്‍ സദാചാരഗുണ്ടകളുടെ ആക്രമണത്തിനിരയായി ആത്മഹത്യ ചെയ്ത അനീഷിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ബന്ധുക്കള്‍.

അനീഷിന്റെ മരണത്തിന് ഉത്തരവാദികള്‍ അവര്‍ മാത്രമാണ്. അതുകൊണ്ട് തന്നെ കൊലക്കുറ്റത്തിന് കേസെടുത്ത് അവരെ ശിക്ഷിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെടുന്നു.

അതേസമയം അനീഷിന്റെ ആത്മഹത്യക്ക് കാരണം വീണ്ടും അപമാനിക്കപ്പെട്ടതിനാലാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളുടെ സുഹൃത്തുക്കള്‍ സംഭവശേഷം അനീഷിനെ വീണ്ടും ഫേസ്ബുക്കിലൂടെ അപമാനിച്ചിച്ചിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടി അനീഷ് കഴിഞ്ഞ ദിവസം പൊലീസിനെ സമീപിച്ചിരുന്നെന്നും അന്വേഷണസംഘം വ്യക്തമാക്കി. അതേസമയം പ്രതികള്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.


Dont Miss കൊല്ലം അഴീക്കല്‍ ബീച്ചില്‍ സദാചാര ആക്രമണത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍ 


അനീഷിന്റെ ആത്മഹത്യാ കുറിപ്പില്‍ തന്റെ മരണത്തിന് ഉത്തരവാദികള്‍ രമേഷ്, ധനേഷ് എന്നിവരാണെന്ന് എഴുതിയിട്ടുണ്ട്. തുടര്‍ന്ന് ഇവര്‍ക്കെതിരെ അഗളി പൊലീസ് ആത്മഹത്യപ്രേരണയ്ക്ക് കേസെടുത്തു.

അനീഷിന്റേയും യുവതിയുടെയും വീഡിയോ ചിത്രീകരിച്ചത് ധനേഷ് ആണെന്നും കുറിപ്പില്‍ പറയുന്നു. കഴിഞ്ഞദിവസമാണ് അട്ടപ്പാടി സ്വദേശിയായ അനീഷിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രണയദിനത്തില്‍ അനീഷിനെയും സുഹൃത്തായ പെണ്‍കുട്ടിയെയും അഴീക്കല്‍ ബീച്ചില്‍ വച്ച് ഒരു സംഘം ആക്രമിക്കുകയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

പെണ്‍കുട്ടി പ്രാഥമികാവശ്യത്തിനായി സമീപത്തെ കുറ്റിക്കാട്ടിലേക്ക് പോയപ്പോള്‍ അവിടെ മദ്യപിച്ചു കൊണ്ടിരുന്ന സംഘം കടന്നു പിടിക്കുകയായിരുന്നു.

ഇത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ സംഘം മര്‍ദ്ദിക്കുകയും, ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവിട്ടു ഇവര്‍ പെണ്‍കുട്ടിയെയും യുവാവിനെയും അപമാനിക്കുകയും ചെയ്തിരുന്നു.

Advertisement