ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചിട്ടുള്ള സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് സുരക്ഷാ ഭീഷണി. ഈ ഫോണിലൂടെ ക്രിമിനലുകള്‍ക്ക് വ്യക്തിപരമായ വിവരങ്ങള്‍ ചോര്‍ത്താമെന്നാണ് പുതിയ കണ്ടെത്തല്‍. ജര്‍മ്മനിയിലെ ഒരു യൂണിവേഴ്‌സിറ്റിയിലെ സുരക്ഷാ വിദഗ്ധരാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തലിനു പിന്നില്‍.

ആപ്പിള്‍ ഒഴികെയുള്ള മറ്റ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളെല്ലാം ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംങ് സിറ്റമാണ് ഉപയോഗിക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണിലെ മിക്ക അപ്ലിക്കേഷനുകളിലും ഡിജിറ്റല്‍ ഐ.ഡികാര്‍ഡ് പോലുള്ളവ തെളിവായി ആവശ്യപ്പെട്ട് ഗൂഗിള്‍ സര്‍വീസ് ബന്ധപ്പെടാറുണ്ട്. ഫോണുകളില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിക്കുന്ന ഹാക്കര്‍മാര്‍ക്ക് ഇത്തരം ഫോണുകള്‍ വൈ -ഫൈ നെറ്റ്‌വര്‍ക്ക് വഴി ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചാല്‍ വിവരങ്ങള്‍ എളുപ്പം ചോര്‍ത്താനാകും. പിന്നീട് ഫോണിന്റെ യഥാര്‍ത്ഥ ഉപയോക്താവ് നല്‍കിയ തിരിച്ചറിയല്‍ വിവരങ്ങള്‍ ഉപയോഗിച്ച് ഹാക്കര്‍മാര്‍ക്ക് ലോഗ് ഓണ്‍ ചെയ്യാനും കഴിയും.

ഫോണിലെ കലണ്ടര്‍, കോണ്‍ടാക്ട് ഇന്‍ഫര്‍മേഷന്‍, സ്വകാര്യ വെബ് ആല്‍ബം എന്നിവ ഹാക്കര്‍മാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്ന് പഠനം നടത്തിയവര്‍ പറയുന്നു. കൂടാതെ തട്ടിപ്പിന് ഇരയാകുന്നവര്‍ സേവ് ചെയ്തുവച്ച ഈ മെയില്‍ അഡ്രസില്‍ മാറ്റം വരുത്താനും ഇവര്‍ക്ക് കഴിയും.

ആന്‍ഡ്രോയിഡ് ഫോണുകളുടെ സുരക്ഷാ വീഴ്ച കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും ഇതിന്റെ ഗുണഫലം ഏതെങ്കിലും ഹാക്കര്‍മാര്‍ അനുഭവിക്കുന്നുണ്ടോ എന്ന് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല.