കാലിഫോര്‍ണിയ: പരസ്പരം മല്‍സരിക്കുന്ന കമ്പനികളുടെ കടന്നുവരവോടെ സ്്മാര്‍ട്ട്‌ഫോണ്‍ രംഗം അതിവേഗതയില്‍ കുതിക്കുകയാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈവര്‍ഷം സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് 50 ശതമാനത്തിന്റെ വളര്‍ച്ച കൈവരിക്കുമെന്ന് ഗവേഷണസംഘടനയായ ഐ.ഡി.സി പ്രവചിക്കുന്നു.

സ്മാര്‍ട്ട്‌ഫോണുകളുടെ ഉപഭോക്താക്കളുടെ എണ്ണം 450 മില്യണ്‍ മറികടക്കുമെന്നാണ് പ്രവചനം. ഓപ്പറേറ്റിംഗ്് സിസ്റ്റത്തിന്റെ (ഒ.എസ്) കാര്യത്തില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് തന്നെയായിരിക്കും മുന്‍പന്തിയിലെന്നും ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഒ.എസ് മാര്‍ക്കറ്റിന്റെ 39 ശതമാനവും ആന്‍ഡ്രോയ്ഡ് ആണ് കൈയ്യടക്കിവെച്ചിരിക്കുന്നത്. 2015 ആകുമ്പോഴേക്കും ഒ.എസിന്റെ പകുതിയും ആന്‍ഡ്രോയ്ഡിന്റെ കൈയ്യിലെത്തുമെന്നും പ്രവചനമുണ്ട്.

നോക്കിയയുമായി കൈകോര്‍ത്ത് മൈക്രോസോഫ്റ്റ് വിന്‍ഡോസ് വികസിപ്പിച്ച ഫോണ്‍ 7 മാര്‍ക്കറ്റില്‍ പ്രബലരായി വരുമെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു. എന്നാല്‍ നോക്കിയയുടെ ഒ.എസായ സിംബയന്റേയും ബ്ലാക്ക്‌ബെറിയുടെ ഒ.എസിന്റേയും വളര്‍ച്ചാനിരക്കില്‍ ഇടിവുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്.