ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ 18 നിയമസഭ സീറ്റുകളിലേക്കും ഒരു ലോക്‌സഭ സീറ്റിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പതിമൂന്ന് നിയമസഭാമണ്ഡലങ്ങളില്‍ ജയിച്ചു. ഏഴിടത്ത് വൈ.എസ്.ആര്‍. കോണ്‍ഗ്രസിന് മുന്നേറ്റമുണ്ട്.

നെല്ലൂര്‍ ലോക്‌സഭ സീറ്റില്‍ 70ശതമാനത്തിലേറെ വോട്ടെണ്ണിയപ്പോള്‍ അന്‍പതിനായിരത്തിലധികം വോട്ടിന്റെ ലീഡ് വൈ.എസ്.ആര്‍ സ്ഥാനാര്‍ഥി നേടി. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 18ല്‍ 16 സീറ്റുകളും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ്.

ജഗ്‌മോഹന്‍ റെഡ്ഡിയുടെ അറസ്റ്റിനെതുടര്‍ന്ന് ആന്ധ്രയിലുണ്ടായ സഹതാപതരംഗം വൈ.എസ്.ആറിനെ കുറച്ചൊന്നുമല്ല സഹായിച്ചത്.  ജഗന്‍മോഹന്‍ റെഡ്ഡിയുടെ ലോക്‌സഭാ മണ്ഡലമായ കടപ്പയിലെ മൂന്ന് മണ്ഡലങ്ങളായ റയാകോട്ടി, രാജംപേട്ട്, കൊടിരു മണ്ഡലങ്ങളില്‍ വൈ.എസ്.ആര്‍ സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ അറസ്റ്റും തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ അമ്മ വിജയലക്ഷ്മിയുടെയും സഹോദരി ശര്‍മിളയുടെയും കണ്ണീരൊഴുക്കലുമുണ്ടാക്കിയ സഹതാപ തരംഗമാണ് വൈ.എസ്. ആര്‍ കുടുംബ്ധിനു സഹായകമായതെന്ന് കോണ്‍ഗ്രസുകാര്‍ ന്യായീകരിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പില്‍ വൈ.എസ്. ആര്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടുന്നത് ജഗന്‍മോഹന്‍ റെഡ്ഡിയുടെ വിജയം എന്നതിലപ്പുറം കോണ്‍ഗ്രസിനും തെലുഗുദേശം പാര്‍ട്ടിക്കും വലിയ തിരിച്ചടിയാണ്.