ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ പെന്നികോണ്ടയ്ക്കു സമീപം പാസഞ്ചര്‍ ട്രെയിനും ചരക്കു തീവണ്ടിയും കൂട്ടിയിടിച്ചു 18 യാത്രക്കാര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഹൂബ്ലിയില്‍ നിന്നു ബാംഗളൂരിലേയ്ക്കു പോകുകയായിരുന്ന ഹംപി എക്‌സ്പ്രസ് ഗുഡ്‌സ് തീവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പുലര്‍ച്ചെ 3.43ഓടെയാണ് അപകടം.

പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണെന്നും ഇവരെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. കൂട്ടിയിടിയുടെ ആഘാതത്തില്‍ ഹംപി എക്‌സ്പ്രസിന്റെ മൂന്നു ബോഗികള്‍ പാളംതെറ്റി.

16591 നമ്പര്‍ ഹൂബ്ലിബാംഗ്ലൂര്‍ ഹംപി എക്‌സ്പ്രസ് അനന്ത്പൂരിന് സമീപം പെനുകൊണ്ട സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കു തീവണ്ടിയുടെ പിന്നിലിടിക്കുകയായിരുന്നു.

പാളം തെറ്റിയ ബോഗികള്‍ക്കു തീപിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നാണ് തീപിടുത്തമുണ്ടായത്. സിഗ്നല്‍ സംവിധാനത്തിലെ തകരാറാണ് അപകടത്തിനു കാരണമെന്ന് കരുതുന്നു.

അതേസമയം, ഹംപി എക്‌സ്പ്രസിന്റെ അമിത വേഗതയാണ് അപകടത്തിനു കാരണമെന്നും പറയപ്പെടുന്നു. ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭിച്ചിട്ടില്ല. അപകടത്തേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.

അപകടം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും റയില്‍വേ നഷ്ടപരിഹാരം നല്‍കുമെന്നും റയില്‍വേ മന്ത്രി മുകുള്‍ റോയി അറിയിച്ചു.