എഡിറ്റര്‍
എഡിറ്റര്‍
തെലങ്കാന ബില്‍ ആന്ധ്രപ്രദേശ് നിയമസഭ തള്ളി
എഡിറ്റര്‍
Thursday 30th January 2014 3:54pm

telankana

ഹൈദരാബാദ്: തെലങ്കാന സംസ്ഥാന രൂപീകരണത്തിനായുള്ള തെലങ്കാന ബില്‍ ആന്ധ്രാപ്രദേശ് നിയമസഭ തള്ളി.

ബില്ലിനെ എതിര്‍ത്ത് ആന്ധ്ര മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെയാണ് സഭ പാസാക്കിയത്. സംസ്ഥാനത്തിന്റെ ഭാഷാപരവും സാംസ്‌ക്കാരിവും സാമ്പത്തികവും ഭരണപരവുമായ അവസ്ഥകള്‍ കണക്കിലെടുക്കാതെ രൂപം കൊടുത്ത ബില്‍ പാര്‍ലമെന്റില്‍ പാസാക്കാന്‍ അനുവാദം കൊടുക്കരുതെന്നായിരുന്നു മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത്.

ഫെബ്രുവരി അഞ്ചിന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എന്നാല്‍ സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട ബില്‍ പാസാക്കുന്നതിന് ആന്ധ്രാപ്രദേശ് നിയമസഭയുടെ അനുവാദം കേന്ദ്രത്തിന് ആവശ്യമില്ല.

സംസ്ഥാന വിഭജനത്തിന്റെ കാര്യത്തില്‍ നിയമസഭ എന്ത് തീരുമാനമെടുത്താലും പാര്‍ലമെന്റിന് സ്വന്തം നിലയില്‍ നിയമനടപടിയുമായി മുന്നോട്ടുപോകാന്‍ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ലോക്‌സഭയില്‍ ആറ് കോണ്‍ഗ്രസ് എം.പിമാര്‍ മന്‍മോഹന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ സ്പീക്കര്‍ മീരാകുമാറിന് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരുന്നു.  തെലങ്കാന രൂപീകരണത്തെ എതിര്‍ക്കുന്ന ഇവര്‍ സീമാന്ധ്രയില്‍ നിന്നുള്ള എം.പിമാരായിരുന്നു. പതിനഞ്ചാം ലോക്‌സഭയില്‍ ഇതാദ്യമായിട്ടായിരുന്നു സര്‍ക്കാര്‍ അവിശ്വാസപ്രേമയത്തെ നേരിട്ടത്.

സ്വന്തം സര്‍ക്കാരിന് നേരെ തന്നെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയ കോണ്‍ഗ്രസ് എം.പിമാര്‍ അച്ചടക്കലംഘനം നടത്തിയെന്ന് പറഞ്ഞ് കേന്ദ്ര ആഭ്യന്ത്ര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഇതിനെതിരെ രംഗത്ത് വന്നിരുന്നു.

തെലങ്കാന രൂപീകരണത്തിനെതിരെ നേരത്തെ അവിടെ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ രാജിക്കത്ത് നല്‍കിയിരുന്നു. എന്നാല്‍ സ്പീക്കര്‍ അത് സ്വീകരിച്ചിരുന്നില്ല.

Advertisement