ഹൈദരബാദ്: ആന്ധ്രാപ്രദേശില്‍ കിരണ്‍ കുമാര്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ തെലുങ്കുദേശം പാര്‍ട്ടി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ അതിജീവിച്ചു. 122 എം.എല്‍.എമാര്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തപ്പോള്‍ 160 പേര്‍ പ്രമേയത്തെ എതിര്‍ത്തു. ഒരാള്‍ നിഷ്പക്ഷനായി നിന്നു.

ടി.ഡി.പി പാര്‍ട്ടി പ്രസിഡന്റ് ചന്ദ്രബാബു നായിഡുവാണ് സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യകള്‍ ചൂണ്ടികാട്ടി അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. 16 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 12.55നാണ് വോട്ടെടുപ്പ് നടന്നത്.

295 അംഗങ്ങളുള്ള നിയമസഭയില്‍ 153 കോണ്‍ഗ്രസ് അംഗങ്ങളാളുള്ളത്. ഇതില്‍ 16 പേര്‍ വൈ.എസ് ജഗന്‍മോഹന്‍ റെഡിയുടെ അനുഭാവികളാണ്. ഇവര്‍ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. ഈ കോണ്‍ഗ്രസ് എം.എല്‍.എമാരെ അയോഗ്യരാക്കിയേക്കും. ചിരഞ്ജീവിയുടെ പ്രജാരാജ്യം പാര്‍ട്ടിയിലെ ഒരു എം.എല്‍.എയും വിപ്പ് ലംഘിച്ച് വോട്ടുചെയ്തു.

പ്രജാരാജ്യം പാര്‍ട്ടിയുടെ പ്രതിനിധികള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് ചിരഞ്ജീവി പി.ആര്‍.പി നേതാക്കളോട് പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്യാന്‍ ആവശ്യപ്പെട്ടു. ഇന്നലെയായിരുന്നു ആന്ധ്രപ്രദേശ് നിയമസഭയുടെ ശീതകാല സമ്മേളനം അവസാനിച്ചത്.

വൈ.എസ് രാജശേഖര റെഡ്ഡി സര്‍ക്കാരിനെതിരെ 2008ലും ചന്ദ്രബാബു നായിഡു അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ അവിശ്വാസ പ്രമേയമാണ് ഇതോടെ പരാജയപ്പെടുന്നത്. ആന്ധ്രാപ്രദേശിന്റെ ചരിത്രത്തില്‍ വിവിധ സര്‍ക്കാരുകള്‍ക്കെതിരെ കൊണ്ടുവരുന്ന ഒന്‍പതാമത്തെ അവിശ്വാസ പ്രമേയമാണിത്. ഒന്‍പതെണ്ണവും പരാജയപ്പെട്ടിരുന്നു.

Malayalam news

Kerala News in English