ന്യൂദല്‍ഹി: തെലുങ്കാന പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. കിരണ്‍ കുമാര്‍ റെഡിയെ കോണ്‍ഗ്രസ് ഹൈക്കമാന്റ് ദല്‍ഹിയിലേക്ക് വിളിപ്പിച്ചു. തെലുങ്കാന സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ട് ആന്ധ്രയില്‍ നടക്കുന്ന സമരം 26ാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണിത്.

പ്രശ്‌നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി ആന്ധ്ര ഗവര്‍ണര്‍ ഇ.എസ്.എല്‍ നരസിംഹം നേരത്തെ തന്നെ ദല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബോട്‌സ സത്യനാരായണയും ദല്‍ഹിയിലേക്ക് പുറപ്പെടും.

ഗവര്‍ണറും, മുഖ്യമന്ത്രിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെയും ആഭ്യന്തരമന്ത്രി പി.ചിദംബരത്തെയും കണ്ട് പ്രശ്‌നം ചര്‍ച്ച ചെയ്യും. തെലുങ്കാനയില്‍ നാലാഴ്ചയായി നടക്കുന്ന സമരം ജനജീവിതത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് പ്രശ്‌നം പരഹരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ടുവന്നിരിക്കുന്നത്.