എഡിറ്റര്‍
എഡിറ്റര്‍
ഓസ്‌ലോ കൂട്ടക്കൊല: ബഹുസംസ്‌കാരത്തെ ഇല്ലായ്മ ചെയ്യാനാണ് കുറ്റംചെയ്തതെന്ന് ബ്രവിക്ക് കോടതിയില്‍
എഡിറ്റര്‍
Tuesday 17th April 2012 9:16am

ഓസ്‌ലോ: കഴിഞ്ഞ ജൂലൈയില്‍ 77 പേരെ വെടിവെച്ചുകൊന്ന വലതുപക്ഷ തീവ്രവാദി ആന്‍ഡേഴ്‌സ് ബ്രെവിക്കിന്റെ വിചാരണ നോര്‍വെയില്‍ ആരംഭിച്ചു. തന്നെ ക്രിമിനല്‍കുറ്റം ചെയ്തിട്ടില്ലെന്ന് ബ്രവിക് കോടതിയെ അറിയിച്ചു.  കൃത്യം നിര്‍വഹിച്ചത് താനാണെങ്കിലും അതില്‍ കുറ്റമല്ല. കാരണം, ബഹുസംസ്‌കാരത്തെ എതിര്‍ക്കുന്ന താന്‍ അതിനെ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായാണ് കൊലകള്‍ നടത്തിയതെന്നും ബ്രെവിക് കോടതിയില്‍ വിശദീകരിച്ചു.

‘ ചെയ്ത കാര്യങ്ങള്‍ ഞാന്‍ സമ്മതിക്കുന്നു. പക്ഷെ അത് ക്രിമിനല്‍ കുറ്റകൃത്യമല്ല.’ ബ്രവിക്ക് കോടതിയില്‍ പറഞ്ഞു. ബഹുസംസ്‌കാരത്തെ പിന്തുണയ്ക്കുന്ന  നോര്‍വീജിയന്‍ രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാടുകള്‍ പ്രതിനിധാനം ചെയ്യുന്ന ഭരണകൂടമാണ് കോടതി സ്ഥാപിച്ചതെന്നും അതിനാല്‍  താന്‍ നോര്‍വീജിയന്‍ കോടതികളെ അംഗീകരിക്കുന്നില്ലെന്നും ബ്രവിക്ക് വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ പറയാന്‍ ബ്രവിക്കിന് പിന്നീട് വിചാരണ വേളയില്‍ അവസരം നല്‍കാമെന്ന് ജഡ്ജി വിന്‍ചെ എലിസബത്ത് ആര്‍ന്‍സണ്‍ ഇയാളോട് പ്രതികരിച്ചു.

കനത്ത സുരക്ഷയിലാണ് ഇന്നലെ രാവിലെ കോടതി മുറിയിലേക്ക് ഇയാളെ കൊണ്ടുവന്നത്. കൂട്ടക്കൊല നടത്തിയ ബ്രെവിക്ക് മാനസിക രോഗിയാണോ അല്ലയോ എന്ന കാര്യത്തില്‍ തീര്‍പ്പുകല്‍പ്പിക്കുന്ന കേസിലാണ് ഇയാളെ ഹാജരാക്കിയത്. ഇക്കാര്യത്തിലുള്ള കോടതി തീരുമാനമാണ് ബ്രവിക്ക് ആശുപത്രിയിലാണോ തടവറയിലാണോ പ്രവേശിക്കപ്പെടുകയെന്ന് തീരുമാനിക്കുക. ബ്രവിക്കിന്റെ മാനസിക നില ഏത് രീതിയിലാണ് കോടതി പരിശോധിക്കുകയെന്നത് സംബന്ധിച്ച് ഇപ്പോള്‍ കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല. നേരത്തെ നടത്തിയ പരിശോധനയില്‍ അദ്ദേഹം സ്‌കിസോഫ്രീനിയ രോഗിയാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും പരിശോധന നടത്തി. രണ്ടാം ഘട്ട പരിശോധനയില്‍ അദ്ദേഹത്തിന്റെ മനോനിലയ്ക്ക് യാതൊരു തകരാറുമില്ലെന്ന് കണ്ടെത്തുകയുണ്ടായി.

മാനസിക രോഗചികിത്സയ്ക്ക് തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് മരണത്തെക്കാള്‍ കഠിനമാണെന്ന് ബ്രവിക്ക് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കോടതിയില്‍ പ്രവേശിച്ചപ്പോള്‍ ഉന്‍മേഷവാനായിരുന്ന ബ്രവിക് ഓസ് ലോയില്‍ ഇയാള്‍ കൂട്ടക്കൊല ചെയ്തവരുടെ പേരു വിവരങ്ങള്‍ വായിച്ചപ്പോള്‍ അല്പം വികാരധീനനായി കാണപ്പെട്ടു. അക്രമ ദിവസം ഇയാള്‍ ഓണ്‍ലൈനിലേക്ക് പോസ്റ്റ് ചെയ്ത 12 മിനുട്ട് നീണ്ട ഫിലിം കോടതിയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ ബ്രവിക്കിന്റെ കണ്ണുകള്‍ നിറഞ്ഞു.മധ്യ ഓസ്‌ലോയിലെ  ഒരു സര്‍ക്കാര്‍ ബില്‍ഡിങ്ങിനടുത്ത് കാര്‍ബോംവ് സ്‌ഫോടനത്തിലൂടെ എട്ടു പേരെയും ഉട്ടോയ ദ്വീപില്‍ വെടിവെപ്പിലൂടെ 69 പേരെയുമാണ് ബ്രവിക്ക് വധിച്ചത്. ഭരണകക്ഷിയായ ലേബര്‍പാര്‍ട്ടിയുടെ യൂത്ത് ക്യംപിന് നേരെയാണ് ഇയാള്‍ വെടിവെപ്പ് നടത്തിയത്.വലതു പക്ഷ ക്രിസ്തീയ മതഭ്രാന്തനായി അറിയപ്പെടുന്ന ബ്രെവിക് താന്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് അക്രമം നടത്തിയതെന്ന് നേരത്തെ പറഞ്ഞിരുന്നു.

Advertisement