Categories

വാക്‌സിന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടല്‍: അന്വേഷണം

ramdoss-ramdas

ന്യൂഡല്‍ഹി: പൊതു മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന മൂന്ന് വാക്‌സിന്‍ ഉല്‍പാദന കേന്ദ്രങ്ങള്‍ കഴിഞ്ഞ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ആരോഗ്യമന്ത്രാലയം അടച്ചുപൂട്ടിയ നടപടി അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടു. കസൗള്‍ സെന്‍ട്രല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, കൊണൂറിലെ പാസ്ചര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ, ചെന്നൈയിലെ ബി.സി.ജി വാക്‌സിന്‍ അതോറിട്ടി ഓഫ് ഇന്ത്യ എന്നിവയാണ് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന അന്‍പുമണി രാംദാസ് അടച്ചുപൂട്ടിയത്. രാജ്യത്ത് ആവശ്യമുള്ള വാക്‌സിനുകളില്‍ 90 ശതമാനവും ഉല്‍പാദിപ്പിച്ചിരുന്ന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത് അന്നു തന്നെ വിവാദമായിരുന്നു.

പാമ്പ് വിഷത്തിനെതിരെയുള്ള സിറം, ഡിഫ്തീരിയ ആന്റി ടോക്‌സിന്‍, ആന്റി റാബീസ് സിറം, ടെറ്റനസ് ആന്റി ടോക്‌സിന്‍, യെല്ലോ ഫീവര്‍ വാക്‌സിന്‍, ബി.സി.ജി വാക്‌സിന്‍ എന്നിവയാണ് ഇവിടെ നിന്നും ഉല്‍പാദിപ്പിച്ചിരുന്നത്. കേന്ദ്രങ്ങള്‍ ലോക ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു മന്ത്രിയുടെ നടപടി.

എന്നാല്‍ മൂന്ന് പൊതു മേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയത് ഈ മരുന്നുകള്‍ ഉല്‍പാദിപ്പിക്കുന്ന ചില സ്വകാര്യ കമ്പനികളെ സഹായിക്കാനാണെന്ന് പാര്‍ലിമെന്ററി സ്റ്റാന്റിംഗ് കമ്മിറ്റി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കമ്പനികള്‍ പൂട്ടിയ ശേഷം ഇത്തരം ചില സ്വകാര്യ കമ്പനികള്‍ക്ക് മരുന്നിനുള്ള ഓര്‍ഡറുകള്‍ മൊത്തമായി നല്‍കിയെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്‍പുണി രംദാസിന്റെ തീരുമാനം ശരിയായ രീതിയിലുള്ളതല്ലായിരുന്നെന്ന് പാര്‍ലിമെന്റ് കമ്മിറ്റി കണ്ടെത്തിയതായി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അമര്‍സിങ് വ്യക്തമാക്കി.

മുന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി ജാവേദ് ചൗധരി, ഇന്ത്യ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയരക്ടര്‍ ജനറല്‍ വിശ്വാസ് മോഹന്‍ കാറ്റോച്ച്, മുന്‍ ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ജനറല്‍ ആര്‍ എന്‍ സരണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളതെന്ന് ആരോഗ്യ സെക്രട്ടറി നരേഷ് ദയാല്‍ പറഞ്ഞു.

സംഭവത്തില്‍ രാംദാസിനെതിരെ നേരത്തെ സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.