ഫെബ്രുവരി 2ന് വിവാഹ നിശ്ചയം കഴിഞ്ഞശേഷം അനന്യയെയും വരനെയും കുറിച്ച് പ്രചരിച്ചത് എന്തൊക്കെ വാര്‍ത്തകളാണ്. അനന്യ വീട്ടുതടങ്കലിലാണെന്നും സഹോദരന്‍ അനന്യയെ തല്ലിയെന്നുമൊക്കെ. എന്നാല്‍ ഇതെല്ലാം നിഷേധിക്കുകയാണ് നടിയിപ്പോള്‍.

തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നത് ആരൊക്കെയോ പ്രചരിപ്പിച്ച വാര്‍ത്തകളാണ്. എല്ലാം വെറും ഊഹാപോഹങ്ങള്‍. പ്രതിശ്രുത വരനുമായോ അദ്ദേഹത്തിന്റെ കുടുംബവുമായോ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും നടി വെളിപ്പെടുത്തുന്നു.

‘ ഞങ്ങളുടെത് വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ച കല്ല്യാണമാണ്. ഞങ്ങള്‍ വിവാഹിതരാവുന്നതില്‍ ഇരുകുടുംബങ്ങളും സന്തുഷ്ടരാണ്. ഞാന്‍ വീട്ടുതടങ്കലിലാണെന്ന് എങ്ങനെയാണ് ആളുകള്‍ ഊഹിച്ചതെന്ന് എനിക്കറിയില്ല. അങ്ങനെയായിരുന്നെങ്കില്‍ സംവിധായകന്‍ വേണുഗോപന്റെ ദ റിപ്പോര്‍ട്ടര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഞാനിപ്പോള്‍ കൊച്ചിയിലെത്തില്ലായിരുന്നു’ അനന്യ പറഞ്ഞു.

‘ ഞാന്‍ ഒരു പബ്ലിക് ഫിഗറാണെന്ന കാര്യം സമ്മതിക്കുന്നു. അതിനര്‍ത്ഥം എന്റെ സ്വകാര്യജീവിതത്തെക്കുറിച്ച് ഏവരും ചര്‍ച്ച ചെയ്യാന്‍ മാത്രം ഞാന്‍ ഒരു പബ്ലിക് പ്രോപ്പര്‍ട്ടിയാണ് എന്ന് കരുതേണ്ടതില്ല’ – ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അനന്യ തുറന്നടിച്ചു.

നടിയുടെ വെളിപ്പെടുത്തലിനുശേഷവും ആഞ്ജനേയനെക്കുറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് യാതൊരു കുറവുമില്ല. കോഴിക്കോട് സ്വദേശിനിയുമായുള്ള ആദ്യവിവാഹത്തില്‍ ആഞ്ജനേയന് രണ്ട് മക്കളുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.

അതിനിടെ ആഞ്ജനേയനെതിരെ അനന്യയുടെ അച്ഛന്‍ നല്‍കിയ പരാതി പിന്‍വലിച്ചിട്ടുണ്ട്. താന്‍ അങ്ങനെയൊരു പരാതി നല്‍കിയിട്ടില്ലെന്നാണ് അനന്യയുടെ അച്ഛന്‍ ഇപ്പോള്‍ പറയുന്നത്. ‘ അതൊക്കെ വെറും റൂമറുകളാണ്. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല.’ അനന്യയുടെ അച്ഛന്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Malayalam News

Kerala News In English