കൊച്ചി: ക്യാമറ ഫ്രെയിമിനപ്പുറത്തുള്ള തന്റെ മോഹങ്ങള്‍ ഉറപ്പിക്കാന്‍ അനന്യ ഇന്ന് വില്ലുകുലയ്ക്കും. രണ്ട് തവണ സംസ്ഥാന ആര്‍ച്ചറി ചാമ്പ്യനായിരുന്ന അനന്യ അഞ്ചുവര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്ന് മത്സരത്തിനിറങ്ങുന്നത്. എറണാകുളം സെന്റ് ആല്‍ബര്‍ട്‌സ് കോളജ് ഗ്രൗണ്ടില്‍ ആരംഭിച്ച സംസ്ഥാന അമ്പെയ്ത്തു ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് ഉച്ചയ്ക്കാണ് അനന്യയുടെ മത്സരം.

റീകര്‍വ് ബോയില്‍ മത്സരിച്ച് ശീലിച്ച അനന്യ പക്ഷെ ഇന്ന് വില്ലെടുക്കുന്നത് കോംപൗണ്ട് ബോയിലാണ്. ഓപ്പണ്‍ കാറ്റഗറിയില്‍ സീനിയര്‍ വിഭാഗത്തിലാണ് അനന്യയുടെ മത്സരം. ലക്ഷ്യത്തില്‍ നിന്ന് 50 മീറ്റര്‍ അകലെ രണ്ട് ഘട്ടങ്ങളിലായി 72 ശരങ്ങള്‍ തൊടുക്കണം.

Ads By Google

മുമ്പ് ചാമ്പ്യനായതിനാല്‍ അനന്യക്ക് നേരിട്ട് സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്ക് പ്രവേശനം അനുവദിക്കുകയായിരുന്നു. എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചാണ് പെരുമ്പാവൂര്‍ സ്വദേശിനിയായ അനന്യ മത്സരിക്കുന്നത്. ഏറെ നാള്‍ മത്സരത്തില്‍ നിന്ന് വിട്ടുനിന്ന അനന്യ നല്ലൊരു തിരിച്ചുവരവിനുള്ള അവസരമായാണ് ചാമ്പ്യന്‍ഷിപ്പിനെ കാണുന്നത്.

സിനിമയിലെയും കുടുംബത്തിലെയും തിരക്കുകളൊക്കെ മാറ്റിവച്ച് അമ്പെയ്ത്ത് കിരീടം തിരിച്ചുപിടിക്കാന്‍ കുറെ ദിവസങ്ങളായി തീവ്രപരിശീലനത്തിലായിരുന്നു ഈ താരം. കൊച്ചി പനമ്പിള്ളിനഗറിലെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അക്കാദമിയില്‍ ഡോ. ജോറിസ് പൗലോസിന്റെ ചിട്ടയോടെയുള്ള പരിശീലനത്തില്‍ മനസും ശരീരവും മത്സരത്തിന് സജ്ജമാക്കി. പ്രാക്ടീസ് മുടങ്ങിയതിന്റെ പോരായ്മകള്‍ തുടക്കത്തില്‍ അനന്യയ്ക്കുണ്ടായിരുന്നെങ്കിലും അവയൊക്കെ പരിഹരിച്ചുവെന്നാണ് പരിശീലകര്‍ പറയുന്നു.

അമേരിക്കയില്‍ നിന്ന് വരുത്തിയ പുതിയ ബോയിലായിരുന്നു പരിശീലനം. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അനന്യ അമ്പെയ്ത്ത് ലോകത്തെത്തിയത്. പിതാവിന്റെ സഹോദരന്‍ രാജ്യാന്തര ആര്‍ച്ചറി അംപയറും ആര്‍ച്ചറി അസോസിയേഷന്‍ ഓഫ് ഇന്ത്യ ജോയിന്റ് സെക്രട്ടറിയുമായ പി. മോഹന്‍ദാസാണ് അനന്യയെ ആര്‍ച്ചറി രംഗത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്.

2003 മുതല്‍ തുടര്‍ച്ചയായി ആറ് വര്‍ഷം സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തിരുന്ന അനന്യ പഞ്ചാബില്‍ നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തെ പ്രതിനിധികരിച്ച് മത്സരിച്ചിരുന്നു.