പോലീസ് സ്‌റ്റേഷനില്‍ തോക്കുമായെത്തി വിവാദനായകനായ സ്വാമി ഹിമവല്‍ ഭദ്രാനന്ദയുടെ ദിവ്യസിദ്ധിയെക്കുറിച്ച് ഭക്തര്‍ വാചാലരാവുന്നു. വിവാദങ്ങള്‍ക്കൊപ്പം സ്വാമിയുടെ ദിവ്യസിദ്ധിയും വര്‍ധിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ക്കും ചെറിയ തോതില്‍ പങ്കുണ്ട്.

വീട്ടില്‍ പ്രതിഷ്ഠിച്ചിട്ടുള്ള സ്വാമിയുടെ ഫോട്ടോയില്‍നിന്നും വിഭൂതി വരുന്നതിനെപ്പറ്റി നടി അനന്യയുടെ അനുഭവം എ.സി.വി ചാനല്‍ ഒരിക്കല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ ദൃശ്യങ്ങള്‍ക്ക് ഇപ്പോള്‍ യുട്യൂബില്‍ വന്‍ ആരാധകരാണ്. സ്വാമിയുടെ ഫോട്ടോയില്‍നിന്നും വിഭൂതി പൊഴിഞ്ഞത് അനന്യ വിവരിക്കുന്നതിങ്ങനെ: പരീക്ഷയുടെ പിറ്റെദിവസം പുസ്തകങ്ങള്‍ ബാഗിലേക്ക് വെയ്ക്കുന്നതിനിടെയാണ് സ്വാമിയുടെ ഫോട്ടോയില്‍നിന്നും വിഭൂതി പൊഴിയുന്നതായി ശ്രദ്ധയില്‍പെട്ടത്. അസാധാരണമായതിനാല്‍ എല്ലാവരെയും വിളിച്ചുകാണിച്ചുകൊടുത്തു.

പതിവില്ലാത്ത ഒരു സംഭവമായതിനാല്‍ വല്ലാത്ത സന്തോഷവും അത്ഭുതവും തോന്നി. ഇതിനു മുമ്പ് ബാബയുടെ പടത്തില്‍നിന്ന് വിഭൂതി വരുന്നതാണ് കണ്ടിട്ടുള്ളത്. സ്വാമിയുടെ പടത്തില്‍നിന്നും വിഭൂതി വരുന്നതു കണ്ട എന്റ് ഭക്തി വര്‍ധിക്കുകയാണ് ചെയ്തത്’.

താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നുവെന്ന് മാധ്യമങ്ങളെ വിളിച്ചറിയിച്ച തോക്കുസ്വാമിയ്‌ക്കെതിരെ വധശ്രമത്തിനും ആത്മഹത്യാശ്രമത്തിനും പോലീസ് കേസെടുത്തിരുന്നു. സാമൂഹ്യസേവനത്തിനെന്ന പേരില്‍ കര്‍മ എന്ന സംഘടന രൂപീകരിച്ച ഇയാള്‍ക്ക് ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുള്ളതിനാല്‍ നിയമവിരുദ്ധ ഇടപാടുകളോ സമ്പാദ്യങ്ങളോ ഉണ്ടായിരുന്നോ എന്നും പോലീസ് അന്വേഷണം നടത്തിയിരുന്നു.