എഡിറ്റര്‍
എഡിറ്റര്‍
ആനന്ദ് വീണ്ടും ലോക ചെസ്സ് ചാമ്പ്യന്‍
എഡിറ്റര്‍
Thursday 31st May 2012 9:04am

മോസ്‌കോ: വിശ്വനാഥന്‍ ആനന്ദ് വീണ്ടും ലോക ചെസ്സ് കിരീടം ചൂടി. ഇസ്രയേലിന്റെ ബോറിസ് ജെല്‍ഫാന്‍ഡിനെ ടൈബ്രേക്കറിലാണ് (2.5-1.5) ആനന്ദ് തോല്‍പ്പിച്ചത്. അഞ്ചാം തവണയാണ് ആനന്ദ് ലോക ചെസ്സ് ചാമ്പ്യനാവുന്നത്.  2000, 2007, 2008, 2010 വര്‍ഷങ്ങളിലും ആനന്ദ് ലോക ചാമ്പ്യനായിരുന്നു.

12 ഗെയിമുകളുടെ ചാമ്പ്യന്‍ഷിപ്പ് 66 നു സമനിലയിലായതിനെ തുടര്‍ന്നാണു വിജയിയെ കണ്ടെത്താനായി ടൈബ്രേക്കര്‍ ആവശ്യമായി വന്നത്. ടൈബ്രേക്കറിന്റെ ഭാഗമായി നടന്ന നാല് റാപിഡ് ഗെയിമുകളാണ് ആനന്ദിനു കിരീടം നേടിക്കൊടുത്തത്.

ക്ലാസിക്കല്‍ ഗെയിമുകള്‍ സമനിലയിലായതിനാല്‍ ഇതിന്റെ സമ്മാനത്തുകയുടെ (ഏകദേശം 14 കോടി രൂപ) പങ്കുവയ്ക്കലിലും മാറ്റമുണ്ടാകും. വിജയിക്ക് 60 ശതമാനവും തോറ്റയാള്‍ക്ക് 40 ശതമാനവും എന്നത് 55 ശതമാനവും 45 ശതമാനവുമായി മാറും. ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇതിനു മുന്‍പു മൂന്നു മത്സരങ്ങള്‍ മാത്രമാണു ടൈബ്രേക്കറില്‍ അവസാനിച്ചത്.

ഒന്നാം ഗെയിമില്‍ ആനന്ദും ജെല്‍ഫാന്‍ഡും സമനില പാലിച്ചു. രണ്ടാം ഗെയിമില്‍ ജെല്‍ഫാന്‍ഡിനെ മുട്ടുകുത്തിച്ചതോടെയാണ് ആനന്ദിന് പ്രതീക്ഷയേറിയത്. മൂന്നാം ഗെയിമും നിര്‍ണായകമായ നാലാം ഗെയിമും സമനിലയായതോടെ ആനന്ദ് കിരീടം ഉറപ്പിക്കുകയായിരുന്നു.

1998 ല്‍ ആനന്ദിനെ തോല്‍പ്പിച്ചു റഷ്യയുടെ അനാറ്റോലി കാര്‍പ്പോവും 2004 ല്‍ ഇംഗ്ലണ്ടിന്റെ മൈക്കിള്‍ ആഡംസിനെ തോല്‍പ്പിച്ച് ഉസ്‌ബെക്കിസ്ഥാന്റെ റുസ്തം കാസിം ഷെനോവും 2006 ല്‍ ബള്‍ഗേറിയയുടെ വസേലിന്‍ ടോപലോവിനെ തോല്‍പ്പിച്ച് റഷ്യയുടെ വഌഡിമര്‍ ക്രാംനിക്കും ടൈബ്രേക്കറിലൂടെ ജേതാക്കളായിരുന്നു.

2000 ല്‍ അല്ഷി ഷിറോവിനെ തോല്‍പ്പിച്ചാണ് ആനന്ദ് ലോക ചെസ് ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യക്കാരനായത്. 2007 മുതല്‍ തുടര്‍ച്ചയായി മൂന്നു വര്‍ഷം കിരീടം നിലനിര്‍ത്താനും ആനന്ദിനായി. ലോകചെസ് കിരീടം നേടിയ ആദ്യ ഏഷ്യാക്കാരന്‍, ചെസ് ഓസ്‌കാര്‍ ലഭിച്ച ആദ്യ ഏഷ്യാക്കാരന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ആനന്ദ്.

Advertisement