ബില്‍ബാവോ: സ്‌പെയിനില്‍ നടക്കുന്ന ഫൈനല്‍ മാസ്റ്റേഴ്‌സ് ചെസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ലോക ചാമ്പ്യന്‍ വിശ്വനാഥന്‍ ആനന്ദിന്റെ കിരീട സാധ്യതകള്‍ അവസാനിച്ചു. ഒരു റൗണ്ട് മാത്രം അവശേഷിക്കെ പോയിന്റ് നിലയില്‍ ഏറ്റവും പിന്നിലാണ് ആനന്ദ്. ഒന്‍പതാം റൗണ്ടില്‍ അര്‍മേനിയന്‍ താരം ലെവണ്‍ ആരോണിയനോട് തോറ്റതാണ് ആനന്ദിന് തിരിച്ചടിയായത്. ടൂര്‍ണമെന്റില്‍ ഇത് വരെ ഒന്‍പത് പോയിന്റാണ് ആനന്ദിന്റെ സമ്പാദ്യം.

അതേ സമയം ടൂര്‍ണ്ണമെന്റില്‍ ഇത് വരെ ഒറ്റക്ക് മുന്നിട്ട് നിന്നിരുന്ന മുന്‍ലോക ചാംപ്യന്‍ വാസിലി ഇവാന്‍ചുക്കിനെ തോല്‍പ്പിച്ച ലോകഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണ്‍, ഇവാന്‍ചുക്കിനൊപ്പം പോയന്റ് നിലയില്‍ ഒന്നാമതെത്തി. ഇരുവര്‍ക്കും ഇപ്പോള്‍ പതിനാല് പോയന്റ് വീതമാണുള്ളത്. ഒന്‍പതാം റൗണ്ട് മത്സരത്തിന് മുമ്പ് വരെ മൂന്ന് പോയന്റിന്റെ ലീഡുമായി ഒറ്റക്ക് മുന്നിലായിരുന്നു ഇവാന്‍ചുക്ക്.

Subscribe Us:

മറ്റൊരു മത്സരത്തില്‍ സ്‌പെയിനിന്റെ ഫ്രാന്‍സിസ്‌കോ വിയ്യേജോ പോണ്‍സ യുഎസ്സിന്റെ ഹിരാകു നക്കാമുറയെ തോല്‍പ്പിച്ചു. കാള്‍സനും ഇവാന്‍ചുക്കിനും പിന്നിലായി പതിനൊന്ന് പോയന്റോടെ ആരനോനും നക്കാമുരയുമാണ് രണ്ടാം സ്ഥാനത്ത്. വിയ്യേജോ പോണ്‍സിന് പത്ത് പോയന്റുണ്ട്.