കമന്റ്‌സ്: ആനന്ദ് പട്‌വര്‍ധന്‍

ഛത്തീസ്ഗഢ് പോലീസ് ‘നക്‌സലൈറ്റ്’ എന്നാരോപിച്ച് അറസ്റ്റ് ചെയ്ത ശേഷം ഏതാണ്ട് ഒരു വര്‍ഷം തികയുമ്പോള്‍, കഴിഞ്ഞയാഴ്ച ഡോ. ബിനായക് സെന്നിന് രാജ്യാന്തര ആരോഗ്യമേഖലാ പ്രവര്‍ത്തനത്തിനും മനുഷ്യാവകാശത്തിനുമുളള ജൊനാതന്‍മന്‍ പുരസ്‌കാരം 2008 ലഭിച്ചു. ഈ പുരസ്‌കാരം നേടുന്ന ആദ്യത്തെ ദക്ഷിണേഷ്യക്കാരനാണ് അദ്ദേഹം. ഡോ.ബിനായക് സെന്‍ ജയിലില്‍ തന്നെയാണിപ്പോഴും.

ബിനായകിനെ ഞാനാദ്യം കാണുന്നത് എണ്‍പതുകളുടെ മധ്യത്തില്‍ ശങ്കര്‍ ഗുഹാ നിയോഗി നേതൃത്വം കൊടുത്തിരുന്ന ഛത്തീസ്ഗഢ് മുക്തി മോര്‍ച്ചയ്ക്കുവേണ്ടി എന്റെ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കാന്‍ ചെല്ലുമ്പോഴായിരുന്നു. ചൂഷിതരായ ആയിരക്കണക്കിന് ആദിവാസി ഖനിത്തൊഴിലാളികള്‍ക്ക് നിയോഗിയുടെ നേതൃത്വത്തിന്‍ കീഴില്‍ സി.എം.എം പ്രതീക്ഷകള്‍ നല്‍കിയിരുന്നു.

ബിനായകും മറ്റ് രണ്ട് ഡോക്ടര്‍മാരും യൂണിയന് തങ്ങളുടെ സേവനം സന്നദ്ധതയോടെ നല്‍കുകയും തൊഴിലാളികളുടെ ശ്രമദാനമായി ചെറുതും എന്നാല്‍ അത്ഭുതകരമായ രീതിയില്‍ ക്രിയാത്മകവുമായ 50 കിടക്കകളുളള ആശുപത്രി പണിതുയര്‍ത്തുകയും ചെയ്തു; വികസനവും നീതിയും ലക്ഷ്യമാക്കുന്ന വിശാലമായ സ്വപ്നങ്ങള്‍ക്കുളള ഒരു ഘടകമെന്ന നിലയില്‍.

1991 ല്‍ തന്റെ കുടിലില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ നിയോഗിയെ നിക്ഷിപ്ത താല്‍പര്യക്കാര്‍ വെടിവച്ചുകൊല്ലുന്നതോടെ ഈ സ്വപ്നം ചെറുതാക്കപ്പെട്ടു. ചില വാടകക്കൊലയാളികള്‍ വൈകാതെ അറസ്റ്റുചെയ്യപ്പെട്ടെങ്കിലും കൊലപാതകം ആസൂത്രണം ചെയ്ത യഥാര്‍ത്ഥ ബുദ്ധികേന്ദ്രങ്ങള്‍ ബി.ജെ.പി മുഖ്യമന്ത്രി സുന്ദര്‍ലാല്‍ പട്‌വയുടെ പിന്തുണയോടെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടു.

നിയോഗിയുടെ മരണത്തിനുശേഷം ജനക് ലാലിന്റെ നേതൃത്വത്തില്‍ സി.എംഎമ്മും മറ്റ് തൊഴിലാളികളും ധീരമായി പോരാടിയെങ്കിലും കാലം മാറുകയായിരുന്നു. ഛത്തീസ്ഗഢ് ധാതുക്കളാല്‍ വളരെയേറെ സമ്പുഷ്ടമാണ്. തൊണ്ണൂറുകളില്‍ സ്വകാര്യവല്‍ക്കരണത്തിന്റെ മന്ത്രങ്ങള്‍ നീതിയെപ്പറ്റിയും തുല്യ അവസരത്തെപ്പറ്റിയുമുളള രാഷ്ട്രത്തിലെ എല്ലാ സംസാരത്തെയും തൂത്തുമാറ്റി. ഈ അന്തരീക്ഷത്തില്‍, മുമ്പ് വാടകഗുണ്ടകളും അഴിമതിക്കാരായ രാഷ്ട്രീയക്കാരും മറ്റും കടന്നുവരാന്‍ മടിച്ചിരുന്നിടത്തേക്ക് ദുരാഗ്രഹികളായ വന്‍കിട സ്ഥാപനങ്ങള്‍ കയറിവന്നു. അടുത്ത പേജില്‍ തുടരുന്നു