അനന്ത്‌നാഗ്: താഴ്‌വരയില്‍ സമാധാനം ആഗ്രഹിക്കുന്ന ആരുമായും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. കാശ്മീരിന്റെ വികസനത്തിലും ഭരണത്തിലും എല്ലാവരും പങ്കാളികളാകണമെന്നാണ് സര്‍ക്കാരിന്റെ ആഗ്രഹം. വികസനവും സമാധാനവും കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ആരുമായും സര്‍ക്കാര്‍ ചര്‍ച്ച നടത്തും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെക്കന്‍ കശ്മീരിനെ ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന തീവണ്ടിപ്പാത പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് കനത്ത സുരക്ഷാ സംവിധാനമാണ് ഇവിടെ ഒരുക്കിയത്. 129 കിലോമീറ്റര്‍ തീവണ്ടിപ്പാതയും 18 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീവണ്ടി സര്‍വീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, റെയില്‍വെ മന്ത്രി മമത ബാനര്‍ജി പങ്കെടുത്തു.

ദൈര്‍ഘ്യം കുറഞ്ഞതെങ്കിലും രാഷ്ട്രീയമായി ഏറെ പ്രാധാന്യമുള്ളതാണ് തീവണ്ടിപ്പാത. വടക്കന്‍ കശ്മിരിലെ ബരാമുള്ളയില്‍നിന്നും ക്വാസിഗണ്ഡിലേക്കുളള യാത്രാസമയം മൂന്നില്‍നിന്ന് ഒരു മണിക്കൂറായി കുറക്കാന്‍ തീവണ്ടിപ്പാതയ്ക്ക് കഴിയും. ഇതുവഴി ചരക്ക് കൊണ്ട് വരാന്‍ 10,000 രൂപ ചെലവായിരുന്നത് പുതിയ റെയില്‍ പാതയിലൂടെ 2,000 രൂപയായി കുറയും.