സാവൊപോളോ (ബ്രസീല്‍): ബില്‍ബാവോ മാസ്‌റ്റേഴ്‌സ് ചെസ്സ് ടൂര്‍ണ്ണമെന്റില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സമനില. രണ്ടാം റൗണ്ടില്‍ അമേരിക്കയുടെ ഹികാര നകാമുറയാണ് ലോകചാമ്പ്യനായ ആനന്ദിനെ സമനിലയില്‍ തളച്ചത്.

നേരത്തെ ആദ്യറൗണ്ടില്‍ ലോക ഒന്നാംനമ്പറായ നോര്‍വേയുടെ മാഗ്‌നസ് കാള്‍സനുമായുള്ള ആനന്ദിന്റെ മത്സരവും സമനിലയിലവസാനിച്ചിരുന്നു. ഇതോടെ പോയന്റ് നിലയില്‍ ആനന്ദ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സ്‌പെയ്‌നിന്റെ ഫ്രാന്‍സിസ്‌കൊ വല്ലേജെയെ കീഴടക്കിയ ഉക്രൈനിന്റെ മുന്‍ ലോകചാമ്പ്യന്‍ വാസ്‌ലി ഇവാന്‍ചുക്കാണ് രണ്ടാം സ്ഥാനത്ത്.

മറ്റൊരു മത്സരത്തില്‍ ലോക മുന്നാം നമ്പറായ അര്‍മേനിയയുടെ ലിവോണ്‍ അരോണിയനും മാഗ്‌നസ് കാള്‍സനും തമ്മില്‍ നടന്ന മത്സരവും സമനിലയില്‍ കലാശിച്ചു.

എട്ട്് റൗണ്ട് ശേഷിക്കെ ഒരു ജയവും ഒരു സമനിലയുമായി ലഭിച്ച നാല് പോയന്റുമായി ലിവോണ്‍ അരോണിയനാണ് മുന്നിട്ട് നില്‍ക്കുന്നത്. ലോകചെസ്സിലെ ആറ് മുന്‍നിര താരങ്ങളാണ് സാവൊപോളോയില്‍ ചൊവ്വാഴ്ച തുടക്കമായ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. അഞ്ചുവട്ടം വീതമുള്ള രണ്ട് ഘട്ടങ്ങളിലായാണ് ടൂര്‍ണമെന്റ്. രണ്ടാംഘട്ടം സ്‌പെയിനിലെ ബില്‍ബാവോയിലാണ്.

ഫുട്‌ബോളിലുള്ള പോയന്റ് സമ്പ്രദായമാണ് ടൂര്‍ണമെന്റിന്റെ പ്രത്യേകത. വിജയത്തിന് മൂന്നു പോയന്റ് ലഭിക്കുമ്പോള്‍ സമനിലയ്ക്ക് ഒരു പോയന്റ് മാത്രമേ കിട്ടൂ. കഴിഞ്ഞ തവണ ആനന്ദ് റഷ്യയുടെ ക്രാനിക്കിനു പിന്നില്‍ രണ്ടാംസ്ഥാനത്തായിരുന്നു.